
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് മുൻ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി അതിശക്തനാണെന്ന് താൻ എപ്പോഴും പറയാറുണ്ട്. എന്നാൽ, അദ്ദേഹം ദൈവമല്ലെന്ന് കെജ്രിവാൾ പറഞ്ഞു. ദൈവം തനിയ്ക്കൊപ്പമുണ്ടെന്നും സുപ്രീം കോടതിയ്ക്ക് നന്ദി പറയുകയാണെന്നും കെജ്രിവാൾ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ശേഷം ആദ്യമായി ദില്ലി നിയമസഭയെ അഭിസംബോധന ചെയ്യവെയായിരുന്നു കെജ്രിവാളിന്റെ വിമർശനം.
അടുത്തിടെ ഒരു മുതിർന്ന ബിജെപി നേതാവുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ കേട്ട് ഞെട്ടിപ്പോയെന്ന് കെജ്രിവാൾ പറഞ്ഞു. കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിലൂടെ ദില്ലി സർക്കാരിന്റെ താളം തെറ്റിക്കാൻ ബിജെപിയ്ക്ക് കഴിഞ്ഞെന്നാണ് അദ്ദേഹം പറഞ്ഞതെന്നും എങ്ങനെയാണ് ദില്ലിയിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നതിലൂടെ ബിജെപി സന്തോഷം കണ്ടെത്തുന്നതെന്ന് മനസിലാകുന്നില്ലെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
പ്രതിപക്ഷത്തിരിക്കുന്ന സഹപ്രവർത്തകർക്ക് ദില്ലി നിയമസഭയിലെ മനീഷ് സിസോദിയയുടെയും തന്റെയും നിലവിലെ സ്ഥാനം കാണുമ്പോൾ വിഷമം തോന്നിയേക്കാമെന്ന് കെജ്രിവാൾ പറഞ്ഞു. മുഖ്യമന്ത്രിയായിരിക്കവെ 'നമ്പർ വൺ' സീറ്റിലാണ് കെജ്രിവാൾ ഇരുന്നിരുന്നത്. എന്നാൽ, ഇപ്പോൾ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ അതിഷിയാണ് ആ സ്ഥാനത്ത് ഇരിക്കുന്നത്. രാജിവെച്ച ശേഷം 41-ാം സീറ്റിലാണ് കെജ്രിവാൾ ഇരുന്നത്. തൊട്ടടുത്തുള്ള 40-ാം സീറ്റിലായിരുന്നു മുൻ ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെ സ്ഥാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam