
ദില്ലി: മുൻസിപ്പൽ കോര്‍പ്പറേഷനിലെ തകര്‍പ്പൻ വിജയത്തിന് ശേഷം പ്രതികരണവുമായി എഎപി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. തങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുഗ്രഹം വേണമെന്ന് കെജ്രിവാൾ പറഞ്ഞു. കോര്‍പ്പറേഷന് കേന്ദ്രത്തിന്റ പൂര്‍ണ്ണ സഹകരണം വേണമെന്നും കെജ്രിവാൾ പറഞ്ഞു. ഞാൻ നിങ്ങളെയും സ്നേഹിക്കുന്നു. വലിയ വിജയം സമ്മാനിച്ചതിന് ദില്ലിക്ക് നന്ദി പറയുന്നു. നമുക്ക് കേന്ദ്രത്തിന്റെ സഹായം ആവശ്യമാണ് പ്രധാനമന്ത്രിയുടെയും കേന്ദ്രത്തിന്റെയും അനുഗ്രഹാശുസുകളും നമുക്ക് വേണം. കെജ്രിവാൾ പറഞ്ഞു.
ദില്ലി മുൻസിപ്പൽ കോർപ്പറേഷന്‍റെ കൂടി അധികാരം നേടി രാജ്യതലസ്ഥാനത്തെ രാഷ്ട്രീയ അപ്രമാദിത്വം നിലനിര്‍ത്തിയിരിക്കുകയാണ് ആം ആദ്മി പാർട്ടി. ആകെയുള്ള 250 സീറ്റുകളില്‍ 132 സീറ്റുകളിലും വിജയിച്ച് ആം ആദ്മി പാർട്ടി കേവലഭൂരിപക്ഷം നേടി. രണ്ട് സീറ്റിൽ കൂടി ആം ആദ്മി ലീഡ് ചെയ്യുന്നുമുണ്ട്. 15 വർഷം ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ ഭരിച്ച ബിജെപിയെ തകർത്താണ് ആം ആദ്മിയുടെ ചരിത്ര വിജയം. കേന്ദ്ര സർക്കാരിന്‍റെ നീക്കങ്ങളെ ശക്തമായി ചെറുത്താണ് അരവിന്ദ് കെജ്രിവാളിന്‍റെ ഈ വിജയം. ബിജെപി 104 സീറ്റിലും വിജയിച്ചു. അതേസമയം, ഒമ്പത് സീറ്റിലേയ്ക്ക് ചുരുങ്ങിയ കോണ്‍ഗ്രസ് നിലം പരിശായി.
Read more: ദില്ലിയിൽ ആം ആദ്മി പാർട്ടി ചരിത്ര വിജയത്തിലേക്ക്; ബിജെപിയുടെ കുത്തക തകർത്തു, നിലംപരിശായി കോൺഗ്രസ്
ആംആദ്മി പാർട്ടി രൂപീകരിച്ച് രണ്ടാം കൊല്ലമാണ് ദില്ലി നിയമസഭയുടെ അധികാരം അരവിന്ദ് കെജ്രിവാൾ നേടിയത്. പത്ത് കൊല്ലത്തിന് ശേഷം എംസിഡി കൂടി നേടി രാജ്യ തലസ്ഥാനത്തെ രാഷ്ട്രീയ അധികാരം ഏതാണ്ട് കൈക്കലാക്കുകയാണ് എഎപി. നരേന്ദ്ര മോദി അധികാരത്തിലിരിക്കുന്ന ദില്ലിയിലെ ഈ വിജയം അരവിന്ദ് കെജ്രിവാളിൻ്റെ ഭാവി പദ്ധതികൾക്ക് ഊർജ്ജം നല്‍കും. കെജ്രിവാളിൻ്റെ ഈ വിജയം ബിജെപി മുൻകൂട്ടി കണ്ടിരുന്നു. എംസിഡി ഉദ്യോഗസ്ഥരുടെ നിയന്ത്രണം കൂടി കേന്ദ്ര സർക്കാരിന് കീഴിലാക്കിയത് അതിനാലാണ്. കേന്ദ്ര സർക്കാരുമായി നിരന്തരം ഏറ്റുമുട്ടിയാണ് എഎപി ഈ വിജയം നേടുന്നത്.