
ജയ്പൂർ: രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ അശോക് ഗെലോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. രാജസ്ഥാനിൽ കുതിരക്കച്ചവടം നടത്താൻ ശ്രമം നടക്കുന്നതായും കേന്ദ്ര മന്ത്രിയും ബിജെപിയും അതിന് പിന്നിലുണ്ടെന്നും സർക്കാരിനെ അട്ടിമറിക്കാനാണ് ശ്രമമെന്നും ചൂണ്ടിക്കാട്ടിയാണ് ഗെലോട്ടിന്റെ കത്ത്.
രാഷ്ട്രീയ പ്രതിസന്ധിക്കിടെ എംഎൽഎമാരെ അയോഗ്യരാക്കുന്നത് രാജസ്ഥാൻ ഹൈക്കോടതി വെള്ളിയാഴ്ച വരെ തടഞ്ഞിരുന്നു. ഇത് സച്ചിൻ പൈലറ്റ് വിഭാഗത്തിന് താല്ക്കാലിക ആശ്വാസം നൽകുകയും ചെയ്തു. ഇതിനിടെ സച്ചിൻ പൈലറ്റിനെതിരെ അശോക് ഗലോട്ട് നടത്തിയ പരാമർശങ്ങളിൽ കോൺഗ്രസ് ഹൈക്കമാൻഡ് അതൃപ്തി അറിയിക്കുകയും ചെയ്തു.
ഹരീഷ് സാൽവെയും, മുകുൾ റോത്തഗിയും, മനു അഭിഷേക് സിംഗ്വിയും ദേവദാസ് കാമത്തും അണിനിരന്ന നിയമ യുദ്ധത്തിനൊടുവിൽ വെള്ളിയാഴ്ച നിർണ്ണായക വിധി വരും. അയോഗ്യരാക്കാതിരിക്കാൻ കാരണം കാണിക്കാൻ സ്പീക്കർ നല്കിയ നോട്ടീസിന് നിയമസാധുതയുണ്ടോ എന്നാണ് ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയുക.
സച്ചിൻ പൈലറ്റ് ക്യാംപിന് അനുകൂലമായാണ് വിധിയെങ്കിൽ കൂടുതൽ എംഎൽഎമാർ മറുകണ്ടം ചാടും. സ്പീക്കറുടെ തീരുമാനം ശരിവച്ചാൽ ഭൂരിപക്ഷം തെളിയിക്കാൻ അശോക് ഗലോട്ടിന് വഴിയൊരുങ്ങുകയും ചെയ്യും. ഈ നിയമപോരാട്ടങ്ങൾ തുടരുന്നതിനിടയിലാണ് രാഷ്ട്രീയ നീക്കവുമായി ഗെലോട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam