അപമാനിതനായി പടിയിറങ്ങിയെന്ന് അശ്വിനി കുമാര്‍,പാര്‍ട്ടി പഞ്ചാബില്‍ പോലും രക്ഷപ്പെടില്ല,കോണ്‍ഗ്രസിന് വിമര്‍ശനം

Published : Feb 16, 2022, 08:00 PM IST
അപമാനിതനായി  പടിയിറങ്ങിയെന്ന് അശ്വിനി കുമാര്‍,പാര്‍ട്ടി പഞ്ചാബില്‍ പോലും രക്ഷപ്പെടില്ല,കോണ്‍ഗ്രസിന് വിമര്‍ശനം

Synopsis

നാല്‍പത്തിയാറ് വര്‍ഷത്തെ സഹവാസം അവസാനിപ്പിച്ചാണ് അശ്വിനി കുമാര്‍ കോണ്‍ഗ്രസിന്‍റെ പടിയിറങ്ങിയത്. അശ്വിനി കുമാറിന്‍റെ രാജിക്ക് പിന്നാലെ ഗ്രൂപ്പ് 23 നേതാക്കള്‍ വീണ്ടും നേതൃത്വത്തിനെതിരെ തിരിഞ്ഞു.

ദില്ലി: അപമാനിതനായതിനാലാണ് കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചതെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശ്വിനി കുമാര്‍ (Ashwani Kumar). പാര്‍ട്ടിയുടെ ഭാവിയില്‍ ആശങ്കയുണ്ടെന്നും പഞ്ചാബില്‍ പോലും കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്നും അശ്വിനി കുമാര്‍ ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അശ്വിനി കുമാറിന്‍റെ രാജിക്ക് പിന്നാലെ ഗ്രൂപ്പ് 23 നേതാക്കള്‍ വീണ്ടും നേതൃത്വത്തിനെതിരെ തിരിഞ്ഞു. നാല്‍പത്തിയാറ് വര്‍ഷത്തെ സഹവാസം അവസാനിപ്പിച്ചാണ് അശ്വിനി കുമാര്‍ കോണ്‍ഗ്രസിന്‍റെ പടിയിറങ്ങിയത്. പഞ്ചാബ് ഘടകത്തിനെതിരെ ഉന്നയിച്ച പരാതികള്‍ കേട്ടതായി പോലും നേതൃത്വം നടിച്ചില്ല. ചരണ്‍ജിത് സിംഗ് ഛന്നിയുടെ ന്യൂനതകളും ചൂണ്ടിക്കാട്ടിയിരുന്നു. നേരായ വഴിക്കല്ല കാര്യങ്ങള്‍ പോകുന്നതെന്നും ഉപജാപക സംഘത്തിന്‍റെ പിടിയിലാണ് നേതൃത്വമെന്നും അശ്വിനി കുമാര്‍ തുറന്നടിക്കുന്നു.

ബദൽ നേതൃത്വം അവതരിപ്പിക്കാൻ കോൺഗ്രസിനാവുന്നില്ല എന്ന അശ്വിനി കുമാറിൻറെ വാക്കുകൾ രാഹുൽ ഗാന്ധിക്കും ചുറ്റുമുള്ളവർക്കുമെതിരായ അമർഷത്തിന്‍റെ കൂടി സൂചനയാണ്. ഗൗരവപൂര്‍വ്വം ആത്മപരിശോധന നടത്തിയില്ലെങ്കില്‍ പാര്‍ട്ടി കൂടുതല്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്ന് ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ, മനീഷ് തിവാരി എന്നീ ഗ്രൂപ്പ് 23 നേതാക്കള്‍ മുന്നറിയിപ്പ് ആവര്‍ത്തിച്ചു. തെരഞ്ഞെടുപ്പ് ഫലം അനുകൂലമല്ലെങ്കിൽ പാർട്ടിയിൽ വലിയ പൊട്ടിത്തെറി ഉണ്ടാകും എന്ന സൂചനയാണ് വിമത നേതാക്കൾ നല്‍കുന്നത്.  

പഞ്ചാബ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ദളിത് വോട്ടുകൾ ഉറപ്പിക്കാൻ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ മത്സരിക്കുകയാണ്. ഗുരുരവിദാസ് ജയന്തി ദിനത്തിൽ ദില്ലിയിലെ ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദർശനം നടത്തി. രാഹുലും പ്രിയങ്കയും വാരാണസിയിലെ ഗുരുരവിദാസ് ക്ഷേത്രത്തിൽ എത്തി. കർത്താപൂർ ഇന്ത്യയിലെ സിഖ് സമുദായത്തിന് നഷ്ടമാകാൻ കാരണം കോൺഗ്രസെന്ന് മോദി പത്താൻകോട്ടിലെ റാലിയിൽ ആരോപിച്ചു. ഉത്തരേന്ത്യയിൽ ദളിത് സമുദായത്തിന്‍റെ പ്രധാന ആഘോഷദിനമാണ് ഗുരുരവിദാസ് ജയന്തി. ജയന്തി ആഘോഷങ്ങൾക്കായി വാരാണസിയിൽ പഞ്ചാബിൽ നിന്ന് നിരവധി തീർത്ഥാടകർ എത്തുന്നത് കണക്കിലെടുത്താണ് പഞ്ചാബ് തെരഞ്ഞെടുപ്പ് ഇരുപതിലേക്ക് നീട്ടിയത്. 

പഞ്ചാബിലെ റാലിക്ക് മുന്നോടിയായി ദില്ലി കരോൾ ബാഗിലെ ഗുരുരവിദാസ് ക്ഷേത്രത്തിൽ എത്തിയ പ്രധാനമന്ത്രി പ്രാർത്ഥനയിലും ഭജനയിലും പങ്കുചേർന്നു. പുലർച്ചെ പഞ്ചാബ് മുഖ്യമന്ത്രി ഛരണ്‍ജിത്ത് സിങ്ങ് ഛന്നി വാരാണസിയിലെ രവിദാസ് ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വാരാണസിയിൽ എത്തി.   ഇരുപാർട്ടികളും ദളിത് വോട്ടുകൾ ഉറപ്പിക്കാനുള്ള അവസാന ശ്രമമാണ് നടത്തുന്നത്. ഇതിനിടെ  പ്രിയങ്ക ഗാന്ധി പങ്കെടുത്ത യോഗത്തിൽ ചന്നി നടത്തിയ പ്രസ്താവന വിവാദമാകുകയാണ്. യുപി, ദില്ലി, ബീഹാർ സംസ്ഥാനങ്ങളിൽ നിന്നുള്ള സഹോദരന്മാരെ പഞ്ചാബ് ഭരിക്കാൻ അനുവദിക്കരുതെന്ന് പ്രസ്താവനയാണ് വിവാദമായത്. പ്രസ്താവനക്കെതിരെ എഎപിയും ബിജെപിയും രംഗത്തെത്തി. ഭിന്നിപ്പുണ്ടാക്കനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്ന് ഇരുപാർട്ടികളും ആരോപിച്ചു. കഴിഞ്ഞ ദിവസത്തെ  ജലന്തർ റാലിക്ക് പിന്നാലെ പത്താൻകോട്ടിലാണ് പ്രധാനമന്ത്രി ഇന്ന് പ്രചാരണം  നടത്തിയത്.  

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ