ആദ്യ വിധിയെഴുതി അസമും ബംഗാളും; ഒന്നാംഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിങ്ങ്

By Web TeamFirst Published Mar 27, 2021, 10:35 PM IST
Highlights

വോട്ടെടുപ്പിനിടെ ബംഗാളിൽ പരക്കെ അക്രമം നടന്നു. അക്രമങ്ങളിൽ ഒരു ബിജെപി പ്രവര്‍ത്തകൻ കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വെടിവെപ്പിൽ പരിക്കേറ്റു.

ദില്ലി: പശ്ചിമബംഗാളിലും അസമിലും ആദ്യഘട്ടത്തിൽ മികച്ച പോളിംഗ്. പശ്ചിമ ബംഗാളില്‍ 79.79 ശതമാനവും അസമില്‍ 75.04 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. പശ്ചിമബംഗാളിൽ തുടക്കം മുതൽ വോട്ടര്‍മാരുടെ ആവേശം പോളിംഗ് ബൂത്തുകളിൽ ദൃശ്യമായിരുന്നു. ഉച്ചയോടെ തന്നെ അമ്പതുശതമാനത്തിലധികം വോട്ടര്‍മാര്‍ പോളിംഗ് ബൂത്തുകളിലെത്തി. സ്ത്രീകളുടെ നല്ല സാന്നിധ്യം മിക്കയിടങ്ങളിലും ദൃശ്യമായിരുന്നു. വോട്ടെടുപ്പിനിടെ ബംഗാളിൽ പരക്കെ അക്രമം നടന്നു. അക്രമങ്ങളിൽ ഒരു ബിജെപി പ്രവര്‍ത്തകൻ കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വെടിവെപ്പിൽ പരിക്കേറ്റു. വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം എന്ന് ആരോപിച്ച് തൃണമൂൽ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. 

നന്ദീഗ്രാമിലെ ബിജെപി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരിയുടെ സഹോദരൻ ഷോബേന്ദു അധികാരിയുടെ വാഹന വ്യൂഹത്തിനെതിരെ ആക്രമണം നടന്നു. തൃണമൂൽ അക്രമം നടത്തിയെന്ന് ബിജെപി ആരോപിച്ചു. സാൽബനിയിൽ സിപിഎം സ്ഥാനാര്‍ത്ഥി സുശാന്ത ഘോഷിന് നേരെ ആക്രമണം നടന്നു. സാത്ഷാതിനിൽ ഉണ്ടായ വെടിവെപ്പിലാണ് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്. കാത്തി മേഖലയിൽ ആദ്യം പറഞ്ഞ പോളിംഗ് ശതമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ കുറച്ചെന്ന് തൃണമൂൽ കോണ്‍ഗ്രസ് ആരോപിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേട് എന്ന് ആരോപിച്ച് തൃണമൂൽ പരാതി നൽകി. ധാക്കയിൽ പ്രധാനമന്ത്രി ക്ഷേത്രങ്ങളിൽ നടത്തിയ പൂജ ആദ്യഘട്ടത്തിൽ ബംഗാളിൽ വലിയ ചര്‍ച്ചാ വിഷയമായി മാറി. അടുത്ത ഘട്ട വോട്ടെടുപ്പ് നടക്കുന്ന നന്ദിഗ്രാമിൽ റോഡ്ഷോക്ക് എത്തുമെന്ന് അമിത്ഷാ വ്യക്തമാക്കി.

click me!