
ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്ര കണ്ട് ബിജെപിക്ക് ഭയമാണെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖര്‍ഗെ. അസമിൽ ന്യായ് യാത്രക്കിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സര്‍ക്കാര്‍ ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കാതിരിക്കാൻ ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. ബ്രിട്ടീഷുകാരെ ഭയക്കാത്ത പാര്‍ട്ടി കോൺഗ്രസെന്നും പിന്നെയല്ലേ ബിജെപിയെന്നും ഖര്‍ഗെ പറഞ്ഞു.
അസമിലെ ആത്മീയ ആചാര്യൻ ശ്രീ ശ്രീ ശങ്കർദേവിൻറെ ജന്മസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിക്ക് പ്രവേശനം നൽകുന്നതിലെ നിലപാടാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്. രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് ശേഷം രാഹുല്‍ഗാന്ധിക്ക് സന്ദർശനം അനുവദിക്കുമെന്നാണ് ക്ഷേത്രം അധികൃതരുടെ നിലപാട്. വൈകിട്ട് മൂന്ന് മണിയോടെ ക്ഷേത്രം സന്ദര്‍ശിക്കാമെന്നും ഭക്തരുടെ തിരക്ക് അടക്കം കണക്കിലെടുത്താണ് നടപടിയെന്നും അധികൃതർ പറയുന്നു. രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് ശേഷമേ രാഹുല്‍ സന്ദർശനം നടത്താവൂ എന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ക്ഷേത്ര സമിതിക്ക് മേലെ ബിജെപിയുടെ സമ്മർദ്ദമുണ്ടെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ കുറ്റപ്പെടുത്തി. രാഹുലിന് രാവിലെ സന്ദർശനം അനുവദിക്കാത്ത സാഹചര്യത്തിലാണ് വിമർശനം.
ഇന്ന് ജയ്റാം രമേശിനെതിരെ മാത്രമല്ല, അസം പിസിസി പ്രസിഡൻറിന് നേരെയും ആക്രമണം നടന്നുവെന്ന് ഖാർഗെ പറഞ്ഞു. തൻറെ വാഹനം ആക്രമിക്കപ്പെട്ടുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് രാവിലെ പറഞ്ഞിരുന്നു. ബിജെപി പ്രവർത്തകരാണ് ആക്രമിച്ചതെന്നും രണ്ട് സ്ത്രീകളടക്കമുള്ളവര്‍ക്ക് പരിക്കേറ്റെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് ആരോപിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam