
ദിസ്പൂർ: വിവാഹത്തിന് വധുവിന് സ്വർണ്ണം വാങ്ങാൻ ഓരോ കുടുംബത്തിനും 30,000 രൂപ വാഗ്ദാനം ചെയ്ത് അസം സർക്കാർ. പുതുതായി അവതരിപ്പിച്ച അരുന്ധതി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പെൺകുട്ടികൾക്ക് ആനുകൂല്യം നൽകുക. ശൈശവവിവാഹം തടയുക, സ്ത്രീ ശാക്തീകരണം ഊര്‍ജ്ജിതമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് അരുദ്ധതി പദ്ധതിക്ക് തുടക്കമിട്ടത്. ഒരു വർഷം 800 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ മാറ്റിവച്ചിരിക്കുന്നതെന്നും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
അരുന്ധതി പദ്ധതി മന്ത്രിസഭയിൽ അവതരിപ്പിക്കുകയും പദ്ധതിക്ക് അംഗീകാരം ലഭിച്ചതായും അസം ധനകാര്യ മന്ത്രി ഡോ. ഹിമന്ത ബിസ്വ ശർമ്മ ബുധനാഴ്ച ഗുവാഹത്തിയിൽ പറഞ്ഞു. ചടങ്ങുകളോടെ രജിസ്റ്റർ ചെയ്ത് വിവാഹം കഴിക്കുന്ന വധുവിന് പത്ത് ഗ്രാം സ്വർണ്ണം നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സ്ത്രീക്ക് 18ഉം പുരുഷന് 21ഉം വയസ്സ് പൂർത്തിയായാൽ മാത്രമേ രജിസ്റ്റർ ഓഫീസിൽ പോയി നിയമപ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളു. പ്രായപൂർത്തിയായാൽ മാത്രം പോര, വധുവും വരനും പത്താം ക്ലാസ്സ് പാസ്സായിരിക്കുകയും വേണം. പത്താം ക്ലാസ് പാസ്സായ, നിയമപ്രകാരം വിവാഹം രജിസ്റ്റർ ചെയ്ത ദമ്പതികള്‍ മാത്രമെ ആനുകൂല്യത്തിന്റെ പരിധിയിൽ പെടുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ളൊരു പദ്ധതി സര്‍ക്കാര്‍ അവതരിപ്പിച്ചത്. ഇതിലൂടെ സ്ത്രീക്കും പുരുഷനും നിയമപ്രകാരം അനുവദിച്ച വിവാഹപ്രായത്തിൽ വിവാഹം കഴിക്കാനും വിദ്യാ സമ്പന്നരായ യുവത്വത്തെ വാർത്തെടുക്കാനും കഴിയുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. പദ്ധതിയിൽ ഉൾപ്പെടണമെങ്കിൽ കുടുംബത്തിന്റെ വാർഷിക വരുമാനം അഞ്ച് ലക്ഷത്തിൽ കൂടാൻ പാടില്ല.
സ്പെഷ്യൽ മേരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നവരും പദ്ധിതിയുടെ പരിധിയിൽ ഉൾപ്പെടും. ആദ്യമായി വിവാഹം കഴിക്കുന്നവർ മാത്രമാണ് ആനുകൂല്യത്തിന് അർഹരായിരിക്കുക. ആദിവാസികൾക്കും തേയില തോട്ടം തൊഴിലാളികൾക്കും പ്രായത്തിലും വിദ്യാഭ്യാസത്തിലും ഇളവ് അനുവദിച്ചിട്ടുണ്ട്. 2020 ജനുവരി ഒന്നിന് പദ്ധതി പ്രാബല്യത്തിൽ വരുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam