അസം - മേഘാലയ അതിർത്തിയിലെ വെടിവെപ്പ്; മരണം ആറായി, ചില ജില്ലകളിൽ ഇന്റർനെറ്റ് റദ്ദാക്കി

By Web TeamFirst Published Nov 22, 2022, 3:33 PM IST
Highlights

മേഘാലയയിലെ ജയന്തി ഹിൽസിൽ നിന്നുള്ള ഈ ആൾക്കൂട്ടം വനം വകുപ്പ് കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഇവരെ ഖെരാവോ ചെയ്തു. ഇതോടെയാണ് സ്ഥലത്ത് വെടിവെപ്പുണ്ടായത്

ഗുവാഹത്തി: അസം - മേഘാലയ അതിർത്തിയിലെ വനമേഖലയിൽ ഉണ്ടായ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം ആറായി. അസം വനം വകുപ്പ് ഉദ്യോഗസ്ഥനും മേഘാലയയിൽ നിന്നുള്ള അഞ്ച് പേരുമാണ് ഇതുവരെ മരിച്ചത്. വെസ്റ്റ് ജയന്തി ഹിൽസ് മേഖലയിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ട മേഘാലയക്കാർ. സംഭവത്തിൽ മേഘാലയ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ വ്യക്തമാക്കി. അതേസമയം പ്രദേശത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് ചില ജില്ലകളിൽ അടുത്ത 48 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് വിച്ഛേദിച്ചിട്ടുണ്ട്.

അനധികൃതമായി മരം മുറിച്ച് കടത്തുന്നത് വനം വകുപ്പ് തടഞ്ഞപ്പോഴാണ് സംഘർഷം ഉണ്ടായതെന്നാണ് സംഭവത്തിൽ അസം വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് വാദം. മുറിച്ച മരവുമായി ഒരു ട്രക്ക് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും അസം വനം വകുപ്പ് അറിയിച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് പ്രദേശത്ത് സംഘർഷം ഉണ്ടായത്. മരവുമായി പോയ ട്രക്ക് അസം വനം വകുപ്പ് ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചെങ്കിലും വാഹനം നിർത്തിയില്ല. തുടർന്ന് ട്രക്കിന്റെ ടയറിന് ഉദ്യോഗസ്ഥർ വെടിവെച്ചു. ഡ്രൈവറടക്കം മൂന്ന് പേരെ അസം വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. എന്നാൽ സംഘത്തിലുണ്ടായിരുന്ന മറ്റ് ചിലർ ഓടി രക്ഷപ്പെട്ടു.

പിന്നാലെ അഞ്ച് മണിയോടെ ഒരു വലിയ ആൾക്കൂട്ടം സംഘടിച്ച് സംഭവ സ്ഥലത്തെത്തിയെന്നാണ് അസം വനം വകുപ്പ് അധികൃതർ പറയുന്നത്. മേഘാലയയിലെ ജയന്തി ഹിൽസിൽ നിന്നുള്ള ഈ ആൾക്കൂട്ടം വനം വകുപ്പ് കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഇവരെ ഖെരാവോ ചെയ്തു. ഇതോടെയാണ് സ്ഥലത്ത് വെടിവെപ്പുണ്ടായത്. വിവരമറിഞ്ഞ് കൂടുതൽ പൊലീസ് സേന സ്ഥലത്തെത്തുകയും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. അസം വനം വകുപ്പിലെ ഹോം ഗാർഡായ ബിദ്യാസിങ് ലഖ്തെയടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. ബിദ്യാസിങ് കൊല്ലപ്പെട്ടത് എങ്ങിനെയെന്ന് വ്യക്തമല്ല. കൊല്ലപ്പെട്ട മറ്റുള്ളവർ മേഘലായയിലെ ഖാസി സമുദായ അംഗങ്ങളാണ്. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പ്രദേശത്ത് വലിയ തോതിൽ ജനരോഷം ഉയർന്ന സാഹചര്യത്തിലാണ് ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചത്.

click me!