
ദില്ലി : മൂന്ന് സംസ്ഥാനങ്ങളിലെ മിന്നും വിജയം ആഘോഷമാക്കാൻ ബിജെപി. വൈകിട്ട് ആറരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് എത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. വിജയാഘോഷത്തിൽ മുതിര്‍ന്ന നേതാക്കളും പങ്കെടുക്കും.പാര്‍ട്ടി ആസ്ഥാനങ്ങളിൽ വലിയ ആഹ്ലാദപ്രകടനും ലഡുവിതരണവും തുടരുകയാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തിളങ്ങും ജയമാണ് ബിജെപി സ്വന്തമാക്കിയത്. മധ്യപ്രദേശിലും രാജസ്‌ഥാനിലും ചത്തീസ്ഗഢിലും മികച്ച ഭൂരിപക്ഷത്തോടെ ബിജെപി അധികാരമുറപ്പിച്ചു. ഹിന്ദി ഹൃദയഭൂമിയിൽ ഹിമാചൽ പ്രദേശിൽ മാത്രമാണ് കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭരണമുള്ളത്. തെലങ്കാനയിൽ ബിആർഎസിനെ വീഴ്ത്തി ജയം നേടാനായത് മാത്രമാണ് കോൺഗ്രസിന് ആശ്വാസമായത്.
ബിജെപിയുടെ ആ തന്ത്രം ലക്ഷ്യം കണ്ടു, 'സെമി ഫൈനലിൽ' മൂന്നിടത്ത് തിളങ്ങി; തെലങ്കാനയിൽ കോൺഗ്രസ്
ഭരണത്തുടർച്ച പ്രതീക്ഷിച്ച് ആത്മവിശ്വാസത്തോടെ മത്സരിക്കാനിറങ്ങിയ ഛത്തീസ്ഗഡിലെ തോൽവി കോൺഗ്രസിന് അപ്രതീക്ഷിതമായി. തമ്മിലടിയും സംഘടനാ ദൗർബല്യങ്ങളും ഉലച്ച കോൺഗ്രസിന് മധ്യപ്രദേശിലും രാജസ്ഥാനിലും ലക്ഷ്യം കണ്ട സീറ്റുകളുടെ അടുത്തൊന്നും എത്താനായില്ല. ജാതി കാര്‍ഡും കോണ്‍ഗ്രസിനെ തുണച്ചില്ല. പിന്നാക്ക ഗോത്രവർഗ മേഖലകൾ പാർട്ടിയെ കൈവിട്ടു. എവിടെയും മുഖ്യമന്ത്രി സ്ഥാനാർത്ഥികളെ മുൻകൂട്ടി പ്രഖ്യാപിക്കാതെ മോദി പ്രഭാവം പ്രചാരണായുധമാക്കിയ ബിജെപി തന്ത്രം ലക്ഷ്യം കണ്ടു. ലോക്സഭാ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് അഞ്ചു മാസം മാത്രം ബാക്കിനിൽക്കെ ഹിന്ദി ഹൃദയഭൂമിയിലുണ്ടായ തിളങ്ങും ജയം ബിജെപിക്ക് കരുത്തായി. സംസ്ഥാന രൂപീകരണ നാൾ മുതൽ കെസിആർ എന്ന രാഷ്ട്രീയ അതികായനൊപ്പം നിന്ന തെലങ്കാന അദ്ദേഹത്തെ കൈവിട്ടത് ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക ജനവിധിയായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam