
ദില്ലി: ജനം നല്‍കിയത് ഐതിഹാസിക ജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയുടെ സദ്ഭരണത്തിന്‍റെ നേട്ടമാണ് ജനങ്ങള്‍ തന്ന വിജയമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ട്രെന്‍ഡ് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസിത ഭാരതമെന്ന സങ്കല്‍പത്തിന്റെ ജയമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചത്. ബിജെപിയെ ആര്‍ക്കും തളര്‍ത്താന്‍ കഴിയില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഇന്നത്തെ വിജയം വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിലും ബിജെപി ഹാട്രിക്ക് വിജയം നേടുമെന്ന ഗ്യാരണ്ടിയാണെന്നും നരേന്ദ്രമോദി പറഞ്ഞു. ജാതി രാഷ്ട്രീയം ഉയർത്തിക്കാട്ടിയവർക്കുള്ള തിരിച്ചടിയാണിത്, തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിനും അഴിമതി സഖ്യത്തിനുമുള്ള വലിയ പാഠമാണെന്നും മോദി പറഞ്ഞു. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന വിജയാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.