
ലഖ്‌നൗ: 19 വർഷം മുമ്പ് ആതിഖ് അഹമ്മദ് പറഞ്ഞ വാക്കുകൾ സത്യമായി. പൊലീസോ ഗുണ്ടകളോ ആരെങ്കിലും തന്നെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുമെന്ന് അതിഖ് അഹമ്മദ് 2004-ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിൽ ഫുൽപൂർ മണ്ഡലത്തിൽ നിന്ന് അതിഖ് വിജയിച്ചു. ഗുണ്ടാ നേതാവായി അറിയപ്പെടുമ്പോഴും അലഹബാദിലെ സിറ്റി വെസ്റ്റ് മണ്ഡലത്തിൽ നിന്ന് അഞ്ച് തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു. മാധ്യമപ്രവർത്തകരെ കാണാൻ അതിഖിന് മടിയുണ്ടായിരുന്നില്ല.
മാധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് തന്റെ അന്ത്യം എങ്ങനെ മുൻകൂട്ടി കാണുന്നുവെന്ന് അന്ന് ആതിഖ് പറഞ്ഞത്. കുറ്റവാളി എന്ന നിലയിൽ, നമ്മുടെ വിധി എന്തായിരിക്കുമെന്ന് നമുക്കെല്ലാവർക്കും അറിയാം. ഈ അഗ്നിപരീക്ഷയിൽ നിന്ന് രക്ഷപ്പെടാനോ വൈകിപ്പിക്കാനോ ഉള്ള പോരാട്ടമാണ് ദൈനംദിനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു പ്രതിനിധാനം ചെയ്‌ത ഒരു സ്ഥലത്തുനിന്നാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. നെഹ്‌റുവിനെപ്പോലെ താനും നൈനി ജയിലിൽ പോയിട്ടുണ്ടെന്നും ആതിഖ് അന്ന് പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയാണ് അക്രമികള്‍ ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയും വെടിവച്ച് കൊന്നതെന്ന് പൊലീസ്. ഇരുവരെയും വെടിയുതിര്‍ത്ത് കൊന്ന ശേഷം അക്രമികള്‍ ജയ് ശ്രീറാം വിളിക്കുകയും ചെയ്‌തെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ലവ്‌ലേഷ് തിവാരി, അരുണ്‍ മൗര്യ, സണ്ണി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ഇന്നലെ രാത്രി പത്തുമണിയോടെ വന്‍ പൊലീസ് സുരക്ഷയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഇരുവര്‍ക്കും നേരെ വെടിവെപ്പുണ്ടായത്. മാധ്യമങ്ങളോട് സംസാരിക്കാന്‍ തുടങ്ങുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയവര്‍ ആതിഖിന്റെ തലയോട് തോക്ക് ചേര്‍ത്ത് പിടിച്ച് വെടിയുതിര്‍ത്തതെന്ന് വീഡിയോകളില്‍ കാണാം. പിന്നാലെ അഷ്‌റഫിന് നേരെയും വെടിയുതിര്‍ത്തു. വെടിവെപ്പിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒരു മാധ്യമപ്രവര്‍ത്തകനും പരുക്കേറ്റു. ബഹളത്തിനിടെ ഓടി മാറുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകന് പരുക്കേറ്റത്.
കൊലപാതകങ്ങള്‍ക്ക് പിന്നാലെ ഉത്തര്‍പ്രദേശില്‍ കനത്ത ജാഗ്രതാനിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രയാഗ്രാജില്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു. ദ്രുത കര്‍മ്മ സേനയെ പ്രയാഗ് രാജില്‍ വിന്യസിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ നിന്ന് പൊലീസ് സേനയെ പ്രയാഗ് രാജിലേക്ക് എത്തിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാണ്‍പൂരിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ആതിഖിന്റെ സുരക്ഷാചുമതലയുണ്ടായിരുന്ന 17 പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതായും യുപി സര്‍ക്കാര്‍ അറിയിച്ചു.
ആതിഖ് അഹമ്മദ് കൊല: 'അക്രമികളെത്തിയത് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന, കൊന്ന ശേഷം ജയ് ശ്രീറാം വിളി'
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam