റഫാല്‍ ഇടപാട് രേഖകളുള്ള പാരീസിലെ ഇന്ത്യന്‍ വ്യോമസേനാ ഓഫീസില്‍ അതിക്രമിച്ച് കയറാൻ ശ്രമം

By Web TeamFirst Published May 22, 2019, 6:32 PM IST
Highlights

പാരീസ് നഗരത്തിന്‍റെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ വ്യോമസേനാ ഓഫീസിലുണ്ടായ ഈ കടന്നു കയറ്റം മോഷണശ്രമമോ അല്ലെങ്കില്‍ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ ചോര്‍ത്താനുള്ള ശ്രമമോ ആയിരിക്കാമെന്നാണ് സംശയം.

ദില്ലി: റാഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ രാജ്യത്ത് സജീവ ചര്‍ച്ചയായി തുടരുന്നതിനിടെ പാരീസിലെ ഇന്ത്യന്‍ വ്യോമസേനാ ഓഫീസില്‍ ആരോ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. റാഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വ്യോമസേനയുടെ ടീം പാരീസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ ഓഫീസിലാണ് കഴിഞ്ഞ ഞായറാഴ്ച ആരോ കടന്നു കയറാന്‍ ശ്രമിച്ചതെന്ന് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

പാരീസ് നഗരത്തിന്‍റെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ വ്യോമസേനാ ഓഫീസിലുണ്ടായ ഈ കടന്നു കയറ്റം മോഷണശ്രമമോ അല്ലെങ്കില്‍ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ ചോര്‍ത്താനുള്ള ശ്രമമോ ആയിരിക്കാമെന്ന് സംശയിക്കുന്നതായി റഫാല്‍ യുദ്ധവിമാനത്തിന്‍റെ നിര്‍മ്മാതാക്കളായ ദസാള്‍ട്ടിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രൂപ്പ് ക്യാപ്റ്റന്‍ റാങ്കിലുള്ള വ്യോമസേനാ ഉദ്യോഗസ്ഥനാണ് പാരീസിലെ ഇന്ത്യന്‍ വ്യോമസേനാ സംഘത്തെ നയിക്കുന്നത്. ആകെ 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനാണ് ഇന്ത്യയുടെ പദ്ധതി. 

റഫാല്‍ യുദ്ധവിമാനത്തിന്‍റെ പ്രത്യേകം പരിഷ്കരിച്ച പതിപ്പാണ് ഫ്രഞ്ച് കമ്പനിയായ ദസാള്‍ട്ട്  ഇന്ത്യയ്ക്ക് നല്‍കുന്നത്. ആണവമിസൈലുകള്‍ വരെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള അത്യാധുനിക യുദ്ധവിമാനത്തെ സംബന്ധിച്ച വിവരങ്ങള്‍ ചോരുന്നത് രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്നതാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ പ്രതിരോധമന്ത്രാലയമോ, ഇന്ത്യന്‍ എംബസിയോ, ഫ്രഞ്ച് എംബസിയോ തയ്യാറായിട്ടില്ല. 

click me!