ഒരു മുട്ടയ്ക്ക് 6,000 രൂപ, ഒരു ആപ്പിളിന് 1.05 ലക്ഷം രൂപ! സാധാരണക്കാരായ ലഡാക്കിലെ ജനങ്ങൾ പണം സമാഹരിച്ചത് ഇറാനിലെ യുദ്ധബാധിതരെ സഹായിക്കാൻ

Published : Apr 07, 2026, 07:21 PM IST
Auction

Synopsis

പശ്ചിമേഷ്യൻ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ഇറാനിലെ ജനങ്ങളെ സഹായിക്കാൻ ലഡാക്കിൽ ധനസമാഹരണത്തിനായി ലേലം സംഘടിപ്പിച്ചു. ഈ ലേലത്തിൽ ഒരു ആപ്പിൾ 1.05 ലക്ഷം രൂപയ്ക്കും ഒരു മുട്ട 6,000 രൂപയ്ക്കും വിറ്റുപോയി. കാർഗിലിലെയും ലേയിലെയും ഗ്രാമീണരും മത-സാംസ്കാരിക സംഘടനകളും ചേർന്നാണ് ഈ അത്യപൂർവ്വമായ യജ്ഞം നടത്തിയത്.

ലേ: പശ്ചിമേഷ്യയിലെ യുദ്ധത്തിൽ ഏറ്റവും വലിയ നാശം അനുഭവിക്കുന്ന ഇറാനിലെ ജനങ്ങളെ സഹായിക്കാൻ ലഡാക്കിൽ ലേലം നടത്തി. സാധനങ്ങൾ വിസ്മയിപ്പിക്കുന്ന തുകയ്ക്കാണ് ലേലത്തിൽ വിറ്റുപോയത്. കാർഗിലിലെയും ലേയിലെയും ഗ്രാമീണർ ഒത്തുകൂടി നടത്തിയ ലേലത്തിൽ ഒരു മുട്ട 6,000 രൂപയ്ക്കാണ് വിറ്റുപോയത്. ഇതിലും അമ്പരപ്പിച്ചത് ഒരു ആപ്പിളിന് ലഭിച്ച തുകയാണ്, 1.05 ലക്ഷം രൂപ നൽകിയാണ് ഒരാൾ ആപ്പിൾ ലേലത്തിൽ പിടിച്ചതെന്ന് ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

യുദ്ധക്കെടുതി അനുഭവിക്കുന്ന ഇറാനിലെ ജനങ്ങൾക്ക് സഹായമായി ധനം ശേഖരിക്കാനാണ് ലേലം നടത്തിയത്. കാർഗിലിലെ കക്‌സർ ഗ്രാമത്തിലാണ് നടന്ന ലേലത്തിലാണ് ആപ്പിളിന് 1.05 ലക്ഷം രൂപ ലഭിച്ചത്. 10 രൂപയിൽ തുടങ്ങിയ ലേലം മിനിറ്റുകൾക്കുള്ളിൽ ലക്ഷം കടക്കുകയായിരുന്നു. ഗ്രാമത്തിലെ ഒരു സ്ത്രീ ലേലം സംഘാടകർക്ക് മൂന്ന് കോഴികളെ ധനസമാഹരണത്തിനായി നൽകിയിരുന്നു. ഇതിൽ ഒരു കോഴിയിട്ട ഒരു മുട്ട പ്രത്യേകമായി ലേലം ചെയ്തു. നൂറ് രൂപയിൽ ആരംഭിച്ച ലേലം 6,000 രൂപയിലാണ് അവസാനിച്ചത്. ഒരു പായ്ക്കറ്റ് ബിസ്ക്കറ്റ് 2,500 രൂപയ്ക്കും വിറ്റുപോയി.

സാധാരണക്കാരായ ഗ്രാമീണരാണ് ഈ ലേലത്തിൽ പങ്കെടുത്തത്. പരമാവധി സഹായം നൽകാൻ ലേലത്തിൽ പങ്കെടുത്തവർ ശ്രമിച്ചതാണ് ഉയർന്ന തുകയ്ക്ക് സാധനങ്ങൾ വിറ്റുപോകാൻ കാരണം. ലേലത്തിന് പുറമെ പ്രാദേശികമായി നിർമ്മിച്ച വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും വിറ്റഴിച്ചും ധനശേഖരണം നടത്തി. കാർഗിലിലെ മത-സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിലാണ് ധനസമാഹരണം നടന്നത്. ലഡാക്കിന്റെ ചരിത്രത്തിൽ തന്നെ അത്യപൂർവ്വമായ പ്രവർത്തനമായി ഈ ധനസമാഹരണ യജ്ഞം മാറി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്പെഷ്യൽ എജുക്കേറ്റർ നിയമനം: ഭരണമാറ്റം വന്നാൽ പ്രശ്നം തീരില്ലേ എന്ന് സുപ്രീംകോടതി
റോക്കറ്റാക്രമണത്തിൽ 2 കുട്ടികൾ കൊല്ലപ്പെട്ടതിന് പിന്നാലെ മണിപ്പൂർ വീണ്ടും കലാപകലുഷിതം; ഇൻ്റർനെറ്റ് നിരോധിച്ചു, കർഫ്യു ഏർപ്പെടുത്തി