
വിശാഖപട്ടണം: സ്കൂള്‍ വിദ്യാര്‍ത്ഥികളെയുമായി പോയ ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. നാല് ആണ്‍ കുട്ടികളും നാല് പെണ്‍കുട്ടികളുമാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. പരിക്കേറ്റവരില്‍ ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു
വിശാഖപട്ടണത്തെ സംഗം സരത് തീയറ്റര്‍ ജംഗ്ഷനില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ബെഥനി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. രാവിലെ സ്കൂളിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി.
ഓട്ടോ ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ റോഡിലേക്ക് തെറിച്ചുവീണു. മൂന്ന് പേര്‍ ഓട്ടോറിക്ഷക്കുള്ളില്‍ കുടുങ്ങി. മറ്റ് വാഹനങ്ങളില്‍ സഞ്ചരിച്ചിരുന്നവരും അപകട സമയത്ത് പരിസരത്ത് ഉണ്ടായിരുന്നവരും ഉടനെ ഓടിയെത്തി കുട്ടികളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും പിന്നീട് സ്ഥലത്തെത്തി.
വലിയ പരിക്കുകളില്ലാത്ത മൂന്ന് പേരെ ഉടന്‍ തന്നെ ഡിസ്‍ചാര്‍ജ് ചെയ്തു. മറ്റ് നാല് പേര്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിനിയെയാണ് ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. ഈ കുട്ടിയുടെ സഹോദരിയും വാഹനത്തിലുണ്ടായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറും ആശുപത്രിയിലാണ്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി കുട്ടികളുടെ ആരോഗ്യനില വിലയിരുത്തി. ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി പൊലീസും അറിയിച്ചു.
ഡയമണ്ട് പാര്‍ക്ക് റോഡില്‍ നിന്ന് അംബേദ്കര്‍ സ്റ്റാച്യൂ റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന ഓട്ടോറിക്ഷയാണ് ലോറിയുമായി കൂട്ടിയിടിച്ചത്. റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ നിന്ന് ബസ് കോംപ്ലക്സ് റോഡിലേക്ക് വരികയായിരുന്നു ലോറി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം....
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam