ജമ്മു കശ്മീരിലെ ഗുൽമാർഗിൽ ഹിമപാതം; ഒരാൾ മരിച്ചു, രണ്ടു പേർ കുടുങ്ങിക്കിടക്കുന്നു

By Web TeamFirst Published Feb 1, 2023, 4:55 PM IST
Highlights

ഗുൽമാർഗ് സ്കീയിംഗ് റിസോർട്ടിന്റെ മുകൾ ഭാഗത്താണ് കനത്ത മഞ്ഞുവീഴ്ച ഉണ്ടായതെന്നാണ് വിവരം. കഴിഞ്ഞ വെള്ളിയാഴ്ച ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലും ഹിമപാതം റിപ്പോർട്ട് ചെയ്തിരുന്നു.

​ദില്ലി: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ ഉണ്ടായ വൻ മഞ്ഞുവീഴ്ചയിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. രണ്ട് പേർ കൂടി മഞ്ഞിനുള്ളിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. 

ഗുൽമാർഗ് സ്കീയിംഗ് റിസോർട്ടിന്റെ മുകൾ ഭാഗത്താണ് കനത്ത മഞ്ഞുവീഴ്ച ഉണ്ടായതെന്നാണ് വിവരം. കഴിഞ്ഞ വെള്ളിയാഴ്ച ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലും ഹിമപാതം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, അന്ന് ആളപായം ഉണ്ടായിരുന്നില്ല. ജമ്മു കശ്മീരിലെ വിവിധ പ്രദേശങ്ങളിൽ അധികൃതർ ഹിമപാത മുന്നറിയിപ്പ് നൽകിയതായി അധികൃതർ അറിയിച്ചു. മെച്ചൈൽ ബെൽറ്റിലെ ഒരു കുഗ്രാമത്തിനടുത്തുള്ള നദിയിലേക്ക് കൂറ്റൻ മഞ്ഞുപാളികൾ ഉരുണ്ടുവീണിട്ടുണ്ട്.  എന്നാൽ ഗ്രാമം ഇഴിടെ നിന്ന് അകലെയായതിനാൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അധികൃതർ പറഞ്ഞു. 

എന്താണ് ഹിമപാതം?

പെട്ടെന്നുണ്ടാകുന്ന മഞ്ഞ് പ്രവാഹമാണ് ഹിമപാതം. പൊതുവേ മലമ്പ്രദേശങ്ങളിൽ സംഭവിക്കുന്ന ഹിമപാതത്തിൽ താഴേക്ക് സഞ്ചരിക്കുന്ന മഞ്ഞിനോടൊപ്പം ജലമോ വായുവോ കൂടിച്ചേരാറുണ്ട്. അതിശക്തമായ ഹിമപാതങ്ങൾക്ക് അവ സംഭവിക്കുന്ന പ്രദേശത്തെ പാറകളെയും മരങ്ങളെയും പിഴുതുമാറ്റാനുള്ള കഴിവുണ്ടാവും. വളരെയേറെ അളവിൽ ഹിമത്തെ പെട്ടെന്ന് തന്നെ ദീർഘദൂരം കൊണ്ടെത്തിക്കാൻ കഴിവുള്ളതിനാൽ മഞ്ഞുമൂടിക്കിടക്കുന്ന മലമ്പ്രദേശങ്ങളിൽ ജീവനും സ്വത്തിനും നാശം വരുത്താൻ അതീവ വിനാശകാരികളായ ഹിമപാതങ്ങൾക്ക് സാധിച്ചേക്കാം. ശക്തിയേറിയ ശബ്ദത്തിനുപോലും ഹിമപാതം സൃഷ്ടിക്കുവാൻ കഴിയും. ശക്തിയേറിയ അനേകം കമ്പനങ്ങൾ പർവ്വതങ്ങളിൽ പ്രതിധ്വനിക്കുന്നതാണ് ഇത്തരം ഹിമപാതങ്ങൾക്ക് കാരണം.
 

click me!