
മുംബൈ/ ദില്ലി: രാജ്യത്ത് ആശങ്കയേറ്റി പക്ഷിപനി പടരുന്നു. മഹാരാഷ്ട്രയിലും ദില്ലിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ പക്ഷി പനി സ്ഥിരീകരിച്ച സംസ്ഥാനങ്ങള്‍ ഒമ്പതായി ഉയര്‍ന്നു. ഉത്തർപ്രദേശ്, കേരളം, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നീ ഏഴ് സംസ്ഥാനങ്ങളിൽ നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതുവരെ ഹരിയാനയാണ് എറ്റവും കൂടുതൽ പക്ഷി മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ആഴ്ചകളിൽ നാല് ലക്ഷത്തിലേറെ പക്ഷികള്‍ ചത്തതായാണ് കണക്ക്. ജമ്മു കശ്മീരിലും ഛത്തീസ്ഗഡിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
രണ്ട് ദിവസം മുൻപ് മുംബൈയിലെ പ്രഭാനി ജില്ലയിലെ ഫാമുകളിൽ കൂട്ടത്തോടെ കോഴികൾ ചത്തിരുന്നു. ഇവയുടെ സാമ്പിൾ പരിശോധിച്ചപ്പോഴാണ് മഹാരാഷ്ട്രയിൽ രോഗം കണ്ടെത്തിയത്. മേഖലയിൽ പതിനായിരത്തോളം കോഴികളെ കൊല്ലേണ്ടി വരും. അതേസമയം, മുംബൈയിൽ പലയിടത്തും കാക്കകൾ കൂട്ടത്തോടെ ചത്തുവീണത് ആശങ്ക ഉയര്‍ത്തുകയാണ്. ഇവയുടെ സാമ്പിളും പരിശോധനയ്ക്കയച്ചു. രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉന്നത ഉദ്യോഗസ്ഥരുടെ രോഗം വിളിച്ചിട്ടുണ്ട്.
ദില്ലിയിൽ മൂന്നിടത്തെ സാമ്പിളുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. മയൂർവിഹാർ, ദ്വാരക, സഞ്ജയ് തടാകം എന്നിവടങ്ങളിലെ സാമ്പിളുകളിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. മയൂർവിഹാറിൽ കാക്കകൾ കൂട്ടത്തോടെ ചത്തു വീണിരുന്നു. രാജ്യത്തെ എറ്റവും വലിയ പക്ഷി മാർക്കറ്റായ ഗാസിപൂർ താൽക്കാലികമായി അടച്ചു. പക്ഷികളുടെ ഇറക്കുമതിയും നിരോധിച്ചിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളിൽ റാപ്പിഡ് റെസ്പോൺസ് ടീമിനെ നിയോഗിച്ചിട്ടുണ്ട്.
രോഗം മനുഷ്യരിലേക്ക് പടരാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ മൃഗസംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പും ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൻ്റെ നിർദേശം. രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങളിൽ പക്ഷികളെ കൊല്ലുന്നത് തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam