'സിന്ധ്യ പോകുമെന്ന് അറിയാമായിരുന്നു, തെറ്റിധരിപ്പിച്ചത് ദിഗ് വിജയ് സിംഗ്' : കമല്‍നാഥ്

By Web TeamFirst Published May 1, 2020, 6:35 PM IST
Highlights

നീക്കങ്ങള്‍ എല്ലാം തന്നെ മുന്‍കൂട്ടി തീരുമാനിച്ചത് പോലെയായിരുന്നു. ദിവസത്തില്‍ മൂന്ന് തവണ തന്നോട് സംസാരിക്കുന്ന എംഎല്‍എമാര്‍ പാര്‍ട്ടി വിടില്ലെന്ന് ദിഗ്വിജയ് സിംഗിന് ഉറപ്പായിരുന്നു

ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യയുടെ നീക്കങ്ങള്‍ അറിഞ്ഞിരുന്നുവെന്ന് തുറന്ന് പറഞ്ഞ് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമല്‍നാഥ്. ജ്യോതിരാദിത്യ സിന്ധ്യയുടെ നീക്കങ്ങളെക്കുറിച്ച് അറിഞ്ഞിട്ടും സര്‍ക്കാരിനെ സംരക്ഷിക്കാന്‍ കഴിയാതെ പോയെന്ന് കമല്‍നാഥ് ആദ്യമായാണ് പ്രതികരിക്കുന്നത്. സിന്ധ്യയെക്കുറിച്ച് അറിഞ്ഞിരുന്നു എന്നാല്‍ സിന്ധ്യയ്ക്കൊപ്പമുള്ള എംഎല്‍എമാര്‍ പാര്‍ട്ടി വിടില്ലെന്ന് ദിഗ്വിജയ് സിംഗ് തന്നെ ധരിപ്പിക്കുകയായിരുന്നുവെന്നും കമല്‍നാഥ് പറയുന്നു. 

നീക്കങ്ങള്‍ എല്ലാം തന്നെ മുന്‍കൂട്ടി തീരുമാനിച്ചത് പോലെയായിരുന്നു. ദിവസത്തില്‍ മൂന്ന് തവണ തന്നോട് സംസാരിക്കുന്ന എംഎല്‍എമാര്‍ പാര്‍ട്ടി വിടില്ലെന്ന് ദിഗ്വിജയ് സിംഗിന് ഉറപ്പായിരുന്നു. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ നാഥിന്‍റെ വെളിപ്പെടുത്തല്‍. ജൂലൈ മുതല്‍ തന്നെ സിന്ധ്യ ബിജെപിയുമായി ബന്ധത്തിലായിരുന്നു. നേരത്തെ കോണ്‍ഗ്രസിലെ ഒരു സാധാരണ പ്രവര്‍ത്തകനായിരുന്ന ഒരാളോട് ഒരുലക്ഷത്തിലേറെ വോട്ടിന് തോറ്റത് സിന്ധ്യക്ക് അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നില്ല. 

ബിജെപിയുമായി സിന്ധ്യ ബന്ധം പുലര്‍ത്തിയത് ബിജെപി സംസ്ഥാന നേതൃത്വത്തിന് താല്‍പര്യമില്ലായിരുന്നു. എന്നാല്‍ ഉയര്‍ന്ന ബിജെപി നേതാക്കളുടെ നിര്‍ബന്ധത്തിന് പിന്നീട് സംസ്ഥാന നേതൃത്വം വഴങ്ങുകയായിരുന്നെന്നും കമല്‍ നാഥ് ഇന്ത്യ ടുഡേയോട് പ്രതികരിച്ചു. 24 സീറ്റുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ 15 സീറ്റ് നേടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിന്ധ്യയോ ശിവരാജോ ഈ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കാന്‍ യോഗ്യരല്ലെന്നും കമല്‍നാഥ് പറയുന്നു. നമ്പറുകളുടെ കളിയാണ് വരാന്‍ പോകുന്നതെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു. 

click me!