അയോധ്യയുടെ വിധി ഉടന്‍: തിങ്ങി നിറഞ്ഞ് കോടതി മുറി, ചീഫ് ജസ്റ്റിസ് സുപ്രീംകോടതിയിൽ

Published : Nov 09, 2019, 10:17 AM ISTUpdated : Nov 09, 2019, 10:36 AM IST
അയോധ്യയുടെ വിധി ഉടന്‍: തിങ്ങി നിറഞ്ഞ് കോടതി മുറി, ചീഫ് ജസ്റ്റിസ് സുപ്രീംകോടതിയിൽ

Synopsis

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് സുപ്രീംകോടതി പരിസരത്തും ഒരുക്കിയിട്ടുള്ളത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ വലിയ വ്യൂഹത്തോടൊപ്പമാണ് ചീഫ് ജസ്റ്റിസ് സുപ്രീംകോടതിയിലെത്തിയത്. 

ദില്ലി: അയോധ്യ വിധി വരുന്ന പശ്ചാത്തലത്തിൽ വലിയ സുരക്ഷാ സംവിധാനങ്ങളോടെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സുപ്രീം കോടതിയിലേക്ക്. കൃഷ്ണമേനോൻ മാര്‍ഗിലെ അഞ്ചാം നമ്പര്‍ വസതിയിൽ നിന്ന് വൻ സുരക്ഷാ സംവിധാനങ്ങളുടേയും വാഹന വ്യൂഹത്തിന്‍റെയും അകമ്പടിയോടെയാണ് ചീഫ് ജസ്റ്റിസ് സുപ്രീം കോടതിയിലേക്ക് യാത്ര തിരിച്ചത്. സാധാരണ ദിവസങ്ങളിലെത് പോലെ തന്നെ പത്ത് അഞ്ചിനാണ് ചീഫ് ജസ്റ്റിസ് ഔദ്യോഗിക വസതിയിൽ നിന്ന് ഇറങ്ങിയത്. 

രാജ്യം കാത്തിരിക്കുന്ന സുപ്രധാന വിധിയുടെ പശ്ചാത്തലത്തിൽ വലിയ സുരക്ഷയാണ് ഭരണഘടനാ ബെഞ്ചിലെ ജഡ്‍ജിമാര്‍ക്കും സുപ്രീംകോടതി പരിസരത്തും ഒരുക്കിയിട്ടുള്ളത്. മുൻകരുതൽ നടപടിയുടെ ഭാഗമായി സുപ്രീംകോടതിയിലേക്കുള്ള റോഡുകൾ അടച്ചിരുന്നു. കര്‍ശന പരിശോധനക്ക് ശേഷമാണ് അഭിഭാഷകരേയും ജീവനക്കാരേയും കോടതിക്കകത്തേക്ക് കടത്തിവിടുന്നത്. 

അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരുമടക്കം നൂറുകണക്കിന് ആളുകളാണ് കോടതി മുറിയിലും പുറത്തുമായി തിക്കി തിരക്കി നില്‍ക്കുന്നത്. കോടതിക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരുടെ വന്‍സംഘവും തമ്പടിച്ചിട്ടുണ്ട്. അസാധാരണ സുരക്ഷയാണ് ഇക്കുറി സുപ്രീംകോടതിയില്‍ ഒരുക്കിയിരിക്കുന്നത്. കോടതിക്ക് മുന്നിലെ റോഡിലൂടെയുള്ള ഗതാഗതം വരെ നിരോധിച്ചിരിക്കുകയാണ്. വിധി വരുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പേ തന്നെ സുപ്രീംകോടതിയിലേക്കുള്ള എല്ലാ റോഡ‍ുകളും സുരക്ഷാസേന അടച്ചിരുന്നു. കേസിലെ കക്ഷികളുടെ അഭിഭാഷകരെല്ലാം രാവിലെ തന്നെ കോടതിയിലെത്തിയിട്ടുണ്ട്. 

കോടതി വിധി വരാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കേ അഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതയോഗം വിളിച്ചു ചേര്‍ത്തു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ മേധാവിമാര്‍ എന്നിവരെല്ലാം യോഗത്തിനെത്തി. യോഗത്തിന് പിന്നാലെ അമിത് ഷായുടെ ഇന്നത്തെ പൊതുപരിപാടികളെല്ലാം റദ്ദാക്കി കൊണ്ടുള്ള അറിയിപ്പ് പുറത്തു വന്നിട്ടുണ്ട്. 

PREV
click me!

Recommended Stories

പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം
സർക്കാർ നിർദ്ദേശിച്ച പേരുകളെ എതിർത്ത് രാഹുൽ ഗാന്ധി, മുഖ്യ വിവരവകാശ കമ്മീഷണറുടെ നിയമനത്തിൽ വിയോജന കുറിപ്പ് നല്കി