
ദില്ലി: കേദാർനാഥ് ക്ഷേത്രത്തിന്റെ മാതൃക ദില്ലിയിൽ നിർമ്മിക്കുന്നതിനെ എതിർത്ത് അയോധ്യ രാമക്ഷേത്ര മുഖ്യ പൂജാരി സത്യേന്ദ്ര ദാസ് രംഗത്ത്.കേദാർനാഥ് ക്ഷേത്രത്തിന്‍റെ പേരിൽ മറ്റൊരു ക്ഷേത്രം നിർമ്മിക്കുന്നത് ശരിയല്ല.ഒരു ക്ഷേത്രത്തിന്‍റെ പതിപ്പ്കൊണ്ട് ജനങ്ങൾക്ക് ഗുണം കിട്ടില്ല.ദില്ലിയിൽ നിർമ്മിക്കുന്ന ക്ഷേത്രത്തിന് മറ്റൊരു പേരിടണം എന്നും സത്യേന്ദ്ര ദാസ്
പറഞ്ഞു. ദില്ലിയിൽ കേദാർനാഥ് മാതൃകയിൽ ക്ഷേത്രം നിർമ്മിക്കുന്നതിനെ ജ്യോതിർമഠം ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയും ഇന്നലെ എതിർത്തിരുന്നു.
ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിൽ നിന്നും 228 കിലോ സ്വർണം കാണാതായി എന്ന ഗുരുതര ആരോപണവുമായി ജ്യോതിർമഠം ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. ഇത് അഴിമതിയാണെന്നും , ഇത് വരെ ഒരു അന്വേഷണവും നടപടിയും സര്ക്കാർ എടുത്തില്ലെന്നും സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി മഹാരാഷ്ട്രയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയം എന്തുകൊണ്ട് ചർച്ചയാകുന്നില്ലെന്നും ശങ്കരാചാര്യർ ചോദിച്ചു. ദില്ലിയിൽ കേദാർനാഥ്ൻ്റെ മാതൃകയിൽ ക്ഷേത്രം നിർമ്മിക്കുന്നത് അടുത്ത അഴിമതിക്ക് വഴിയൊരുക്കുമെന്നും കേദാർനാഥ് ക്ഷേത്രത്തിൻ്റെ പ്രാധാന്യവും മഹത്വവും ഇടിയ്ക്കാൻ ഇത് കാരണമാകും എന്നും ശങ്കരാചാര്യർ പറഞ്ഞു. നേരത്തെ അയോധ്യയിൽ നരേന്ദ്ര മോദി പ്രാണ പ്രതിഷ്ഠ നടത്തിയതിന് എതിരെയും ഈ ശങ്കരാചാര്യർ വിമർശനം ഉന്നയിച്ചിരുന്നു. മുകേഷ് അംബാനിയുടെ മകൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ അവിടെയുണ്ടായിരുന്ന സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയെ നരേന്ദ്ര മോദി നമസ്‌കരിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam