'ഓര്‍ഡര്‍ മി'; സ്വദേശി ഉത്പന്നങ്ങള്‍ വിറ്റഴിക്കാൻ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുമായി പതഞ്ജലി

By Web TeamFirst Published May 15, 2020, 1:20 PM IST
Highlights

പതഞ്ജലിക്ക് കീഴിലുള്ള 1500 ഓളം ഡോക്ടര്‍മാരെ ഉപയോഗപ്പെടുത്തി സൗജന്യ വൈദ്യശാസ്ത്ര ഉപദേശങ്ങളും യോഗ പരിശീലനവും വെബ്സൈറ്റ് വഴി ലഭ്യമാക്കും.

ദില്ലി: പ്രാദേശികമായി നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ വാങ്ങണമെന്ന് ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത് മണിക്കൂറിനുള്ളിൽ പുതിയ ബിസിനസ് പ്രഖ്യാപനവുമായി ബാബാ രാംദേവിന്‍റെ പതഞ്ജലി. തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ വിറ്റഴിക്കാനായി ഇ- കൊമേഴ്‌സ് വെബ്‌സൈറ്റ് ഉടന്‍ ആരംഭിക്കുമെന്നാണ് പതഞ്ജലി അറിയിച്ചിരിക്കുന്നത്.

'ഓര്‍ഡര്‍ മി' എന്ന് പേരിട്ടിരിക്കുന്ന ഈ സൈറ്റിലൂടെ പതഞ്ജലി ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനാകും. ഓര്‍ഡര്‍ ചെയ്ത ഉത്പന്നങ്ങള്‍ മണിക്കൂറുകള്‍ക്കകം സൗജന്യമായി വീടുകളിലെത്തിക്കുമെന്നും ടൈംസ് നൗ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍, ഏതൊക്കെ നഗരങ്ങളിലാണ് ഈ സൗകര്യമുണ്ടാവുകയെന്നത് പുറത്തുവിട്ടിട്ടില്ല.

കൂടാതെ, പതഞ്ജലിക്ക് കീഴിലുള്ള 1500 ഓളം ഡോക്ടര്‍മാരെ ഉപയോഗപ്പെടുത്തി സൗജന്യ വൈദ്യശാസ്ത്ര ഉപദേശങ്ങളും യോഗ പരിശീലനവും വെബ്സൈറ്റ് വഴി ലഭ്യമാക്കും.15 ദിവസത്തിനകം വെബ്‌സൈറ്റ് പുറത്തിറക്കാനാണ് പതഞ്ജലിയുടെ ശ്രമമെന്നാണ് റിപ്പോർട്ടുകൾ. 

ഓർഡർ മിയിൽ സ്വദേശി ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുകയും അംഗീകരിക്കുകയും ചെയ്യും. സ്വദേശി ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്ക് തങ്ങളുടെ പ്ലാറ്റ്ഫോമിൽ നിന്ന് പ്രയോജനം നേടാമെന്നും പതഞ്ജലി ആയുര്‍വേദ മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണ പറഞ്ഞു. പജഞ്ജലിക്ക് കീഴിലുള്ള ഐടി കമ്പനിയായ ഭറുവ സൊലൂഷന്‍സാണ് വെബ്‌സൈറ്റ് നിര്‍മ്മിക്കുന്നത്. ആന്‍ഡ്രോയിഡ് ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ വെബ്‌സൈറ്റ് ലഭിക്കും.

click me!