
മുംബൈ: മുംബൈക്കടുത്തുള്ള ബദ്‌ലാപൂരിൽ രണ്ട് നഴ്‌സറി സ്‌കൂൾ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. പ്രതിയായ അക്ഷയ് ഷിൻഡെ (23) പൊലീസ് വാഹനത്തിനുള്ളിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ വെടിയുതിർക്കുകയും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നും പൊലീസ് അറിയിച്ചു. സംഭവം അന്വേഷിക്കാൻ മഹാരാഷ്ട്ര സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.
ഷിൻഡെയെ കസ്റ്റഡിയിലെടുക്കാൻ ബദ്‌ലാപൂരിലെ ഉദ്യോഗസ്ഥർ തലോജ ജയിലിലേക്ക് എത്തിയിരുന്നു. ആദ്യ ഭാര്യ നൽകിയ പുതിയ കേസുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്യണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. വിവാഹം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം ഇയാളെ ഉപേക്ഷിച്ച് പോയ യുവതി ഇയാൾക്കെതിരെ ബലാത്സംഗത്തിനും ആക്രമണത്തിനും പരാതി നൽകിയിരുന്നു.
കസ്റ്റഡിയിലെടുത്ത് മടങ്ങവെ, വൈകിട്ട് ആറരയോടെ മുമ്പ്ര ബൈപ്പാസിന് സമീപം എത്തിയപ്പോൾ ഷിൻഡെ കോൺസ്റ്റബിളിൻ്റെ തോക്ക് തട്ടിയെടുക്കുകയും നിരവധി റൗണ്ട് വെടിയുതിർക്കുകയും ചെയ്തുവെന്നും മറ്റൊരു ഉദ്യോഗസ്ഥൻ ഷിൻഡെയെ വെടിവെച്ചുവെന്നും ഗുരുതരമായി പരിക്കേറ്റ ഷിൻഡെയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചുവെന്നുമാണ് പൊലീസ് വിശദീകരണം. പരിക്കേറ്റ നിലേഷ് മോറെ എന്ന കോൺസ്റ്റബിൾ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംഭവം വിവാദമായി. കൈവിലങ്ങിട്ട ഒരാൾക്ക് എങ്ങനെ തോക്ക് പിടിച്ചുപറിക്കാൻ കഴിയുമെന്ന് പ്രതിപക്ഷം ചോദിച്ചു. ഷിൻഡെയുടേത് ഏറ്റുമുട്ടൽ കൊലയാണെന്നും പ്രതിപക്ഷം ആരോപിച്ചു. തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണോ ഇതെന്ന് പ്രതിപക്ഷ നേതാവ് വിജയ് വഡെത്തിവാർ ചോദ്യമുന്നയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam