കിഴക്കൻ ഹിമാലയത്തില്‍ 1 ബില്യൺ മരങ്ങൾ, ജനങ്ങളുടെ സംരക്ഷണം, വൻ ലക്ഷ്യങ്ങളുമായി ഗ്രേറ്റ് പീപ്പിൾസ് ഫോറസ്റ്റ്

Published : Sep 03, 2023, 11:27 AM IST
കിഴക്കൻ ഹിമാലയത്തില്‍ 1 ബില്യൺ മരങ്ങൾ, ജനങ്ങളുടെ സംരക്ഷണം, വൻ ലക്ഷ്യങ്ങളുമായി ഗ്രേറ്റ് പീപ്പിൾസ് ഫോറസ്റ്റ്

Synopsis

കിഴക്കൻ ഹിമാലയത്തെയും ഈ മേഖലയെ നേരിട്ട് ആശ്രയിക്കുന്ന നൂറുകോടി ജനങ്ങളെയും സംരക്ഷണ അജണ്ടയിൽ ഉൾപ്പെടുത്തിയാവും പദ്ധതിയുടെ പ്രവര്‍ത്തനം.

ദില്ലി: വടക്കുകിഴക്കൻ ഇന്ത്യ, ഭൂട്ടാൻ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവ ഉൾപ്പെടുന്ന കിഴക്കൻ ഹിമാലയത്തിൽ ഉടനീളം ഒരു ബില്യൺ മരങ്ങൾ നട്ടുപിടിപ്പിക്കാനും വിശാലമായ ഒരു ദശലക്ഷം ഹെക്ടർ ഭൂമി പുനരധിവസിപ്പിക്കാനുമുള്ള പദ്ധതി അവതരിപ്പിച്ചു. ബലിപാറ ഫൗണ്ടേഷൻ, കൺസർവേഷൻ ഇന്റർനാഷണലുമായി സഹകരിച്ച് കിഴക്കൻ ഹിമാലയത്തിലെ ഗ്രേറ്റ് പീപ്പിൾസ് ഫോറസ്റ്റ് എന്ന പേരിലാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ബില്യൺ ഡോളർ ധനസഹായം നേടാനാണ് സഹകരണം ലക്ഷ്യമിടുന്നത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സെക്രട്ടറി ലീന നന്ദനും ജി 20 ഷെര്‍പ്പയുമായ അമിതാഭ് കാന്ത് അടക്കമുള്ളവര്‍ സനിനിഹിതരായ ചടങ്ങിലാണ് പദ്ധതി പ്രഖ്യാപിച്ചത്.

ജി 20 ഉച്ചകോടിയുമായി ബന്ധിപ്പിച്ചാണ് നീക്കം. ഇന്ത്യയുടെ ജി 20 ആതിഥേയത്വമാണ് ഇത്തരമൊരു സംരംഭം വിഭാവനം ചെയ്തെന്നാണ് ബലിപാറ ഫൗണ്ടേഷൻ പ്രസിഡന്റ് രഞ്ജിത് ബർതാക്കൂർ പറയുന്നത്. കിഴക്കൻ ഹിമാലയത്തെയും ഈ മേഖലയെ നേരിട്ട് ആശ്രയിക്കുന്ന നൂറുകോടി ജനങ്ങളെയും സംരക്ഷണ അജണ്ടയിൽ ഉൾപ്പെടുത്തിയാവും പദ്ധതിയുടെ പ്രവര്‍ത്തനം. വീടെന്ന് നമ്മള്‍ വിളിക്കുന്ന മേഖലയെ സംരക്ഷിക്കുക ലക്ഷ്യമിട്ടാണ് ഗ്രേറ്റ് പീപ്പിൾസ് ഫോറസ്റ്റ് പ്രവര്‍ത്തനം. പ്രദേശത്തെ ഭൂമിയിലും ജലസ്രോതസ്സുകളിലും ആശ്രയിക്കുന്ന ജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ കൂടിയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും രഞ്ജിത് വിശദമാക്കി. 27 സംസ്ഥാനങ്ങളെയും 9 കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഉൾപ്പെടുത്തിയാണ് ജി 20 ഉച്ചകോടിക്ക് രാജ്യം ആതിഥേയരാവുന്നതെന്ന് അമിതാഭ് കാന്ത് വിശദമാക്കി.

കിഴക്കൻ ഹിമാലയം അതീവ പ്രാധാന്യമുള്ള ഒരു ആവാസ വ്യവസ്ഥയാണ്, വൈവിധ്യമാർന്ന ഭൂപ്രകൃതികളിലാണ് ഈ മേഖല വ്യാപിച്ചുകിടക്കുന്നത്. ഭൂമിയുടെ ജൈവവൈവിധ്യത്തിന്റെ പന്ത്രണ്ടിൽ ഒരു ഭാഗം ഈ മേഖലയാണ് ഉൾക്കൊള്ളുന്നത്. ഗംഗ, ബ്രഹ്മപുത്ര എന്നീ രണ്ട് പ്രധാന നദികളുടെ തുടക്കവും ഇവിടെ നിന്നാണ്. എന്നാല്‍ വര്‍ഷം തോറും 100,000 ഹെക്ടർ മരങ്ങളുടെ സംരക്ഷണമാണ് ഈ മേഖലയില്‍ നിന്നും നഷ്ടമാകുന്നത്. ഇത് ആഗോള തലത്തില്‍ ബോധവല്‍ക്കരണം വേണ്ട വിഷയമാണ്. ആമസോണിന്റെയും കോംഗോ തടത്തിന്റെയും ദുരവസ്ഥ ആളുകള്‍ വ്യക്തമായി വിശദമാക്കുമ്പോഴും കിഴക്കൻ ഹിമാലയത്തെക്കുറിച്ച് വളരെ കുറച്ച് മാത്രമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ഭൂമിയെന്ന ഗ്രഹത്തിന് കിഴക്കന്‍ ഹിമാലയത്തിലെ പാരിസ്ഥിതിക പ്രാധാന്യം സംസാരിക്കപ്പെടുന്നില്ലെന്നാണ് കൺസർവേഷൻ ഇന്റർനാഷണൽ-ഏഷ്യ പസഫിക്കിന്റെ സീനിയർ വൈസ് പ്രസിഡന്റ് ഡോ റിച്ചാർഡ് ജിയോ പറയുന്നത്.

ഗ്രേറ്റ് പീപ്പിൾസ് ഫോറസ്റ്റ് ഈ പ്രതിസന്ധിയോടുള്ള പ്രതികരണമാണ്. ഈ മേഖലയെ അതിന്റെ ചരിത്രപരമായും പാരിസ്ഥിതികമായുമുള്ള പ്രാധാന്യത്തിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ കൊണ്ടുവരണമെന്ന ലക്ഷ്യത്തിലാണ് ഗ്രേറ്റ് പീപ്പിൾസ് ഫോറസ്റ്റ് പ്രവര്‍ത്തനമെന്നും റിച്ചാര്‍ഡ് ജിയോ കൂട്ടിച്ചേര്‍ക്കുന്നു. 2047 ഓടെ ഫോസിൽ ഇന്ധനങ്ങളുടെ ഇറക്കുമതി അവസാനിപ്പിച്ച് ശുദ്ധ ഊർജം കയറ്റുമതി ചെയ്യുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് ജി 20 ഷെർപ്പ അമിതാഭ് കാന്ത് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ജി20 ഇന്ത്യയിൽ സംഘടിപ്പിക്കുന്നതിലൂടെ പ്രകൃതി സംരക്ഷണത്തിലും സുസ്ഥിര വികസനത്തിലും ഒരുപാട് സംഭാവനകൾ ലോകത്തിന് നൽകാനാകുമെന്നും അമിതാഭ് കാന്ത് നിരീക്ഷിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു
കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും, ലോക്സഭയിൽ ഇന്ന് ചര്‍ച്ച