
ലഖ്‌നൗ:ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ബംഗ്ലദേശ് സ്വദേശിനിയെ വിവാഹം കഴിച്ച് ബംഗ്ലാദേശിലേക്ക് പോയ മകൻ അപകടത്തിൽപ്പെട്ടെന്നും തിരികെ എത്തിക്കണമെന്നുമാവശ്യപ്പെട്ട് അമ്മയുടെ പരാതി. ഉത്തര്‍ പ്രദേശ് മൊറാദാബാദ് സ്വദേശിയായ അജയ് സിങ്ങിനെ കാണാനില്ലെന്നും ബംഗ്ലാദേശ് സ്വദേശിനിക്കൊപ്പം പോയ മകൻ അപകടത്തിലാണെന്നും ആരോപിച്ച് അമ്മ സുനിത പൊലീസില്‍ പരാതി നല്‍കി. വിസ പുതുക്കാനായി പോയ ഭാര്യ ജൂലി ബീഗത്തിനൊപ്പം അജയ് സിങ് രണ്ട് മാസം മുമ്പാണ് ബംഗ്ലദേശിലേക്ക് കടന്നത്. രേഖകളില്ലാതെയാണ് മകൻ അതിർത്തി കടന്നതെന്നും ഭാര്യയ്ക്കൊപ്പം ബെംഗ്ലാദേശിലെത്തിയതായി തന്നെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നതായും അമ്മ പരാതിയിൽ പറയുന്നു.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് രക്തത്തില്‍ കുളിച്ച നിലയിലുള്ള അജയുടെ ഫോട്ടോ ഒരു ഫോണിൽ നിന്നും അമ്മ സുനിതയുടെ ഫോണിലേക്കെത്തി. ഇതോടെയാണ് മകന്‍ അപകടത്തിലാണെന്നും ബംഗ്ലദേശില്‍ നിന്ന് തിരികെയെത്തിക്കണമെന്നും ആവശ്യപ്പെട്ട് സുനിത പൊലീസില്‍ പരാതി നല്‍കിയത്. ഒരു വര്‍ഷം മുമ്പാണ് അജയ് സിങ്ങും ബംഗ്ലദേശ് സ്വദേശിനിയായ ജൂലി ബീഗവും വിവാഹിതരാകുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരുടേയും സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു.
പ്രണയം ശക്തമായതോടെ 11 വയസ്സുള്ള തന്‍റെ മകളുമായി ജൂലി ഇന്ത്യയിലേക്കെത്തി. ഇന്ത്യയിലെത്തിയ ജൂലി അജയ് സിങിനെ വിവാഹം ചെയ്യാനായി മതം മാറിയിരുന്നു. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് വിസ പുതുക്കണമെന്നും അതിനായി ബംഗ്ലദേശിലേക്ക് തിരികെ പോകണമെന്നും ജൂലി ആവശ്യപ്പെട്ടു. മകളെയും അജയ്‌യേയും ജൂലി യാത്രയിൽ ഒപ്പം കൂട്ടി. പാസ്‌പോര്‍ട്ടും വിസയുമില്ലാത്തതിനാല്‍ ജൂലിയേയും മകളേയും അതിര്‍ത്തി വരെ എത്തിച്ച് മടങ്ങി വരുമെന്ന് അജയ് തന്നോട് പറഞ്ഞതെന്ന് മാതാവ് സുനിത പൊലീസിന് നല്‍കിയ പരാതിയിൽ പറയുന്നത്.
ഭാര്യയെ കൊണ്ടാക്കാൻ പോയ അജയ് സിങ് പക്ഷേ മടങ്ങിയെത്തിയില്ല. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് അജയ് അമ്മയെ ഫോണിൽ ബന്ധപ്പെട്ട് താൻ ബംഗ്ലാദേശിലാണെന്നും അബദ്ധത്തില്‍ അതിര്‍ത്തി കടന്നെന്നും അറിയിച്ചു. മകൻ ഭാര്യയ്ക്കൊപ്പം ഉണ്ടെന്ന സമാധാനത്തിലായിരുന്നു അമ്മ. എന്നാൽ പിന്നീട് മകനെ കുറിച്ച് യാതൊരു വിവരുമുണ്ടായില്ലെന്ന് സുനിത പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് അജയ് താൻ ബംഗ്ലാദേശിലെത്തി എന്ന് ഫോണ്‍ ചെയ്ത് അറിയിച്ച നമ്പറില്‍ നിന്ന് ഒരു ഫോട്ടോ സുനിതയുടെ ഫോണിലേക്കെത്തുന്നത്. അജയ് രക്തത്തില്‍ കുളിച്ച നിലയിലുള്ള ഒരു ഫോട്ടോയായിരുന്നു അത്. ഇതോടെയാണ് മകന്‍റെ ജീവൻ അപകടത്തിലാണെന്ന് സുനിത മനസിലാക്കുന്നത്. ഇതോടെ പൊലീസിൽ പരാതി നല്‍കുകയായിരുന്നു.
അടുത്തിടെ പബ്ജി വഴി പരിചയപ്പെട്ട ഇന്ത്യക്കാരനായ കാമുകനെ കാണാനായി പാകിസ്ഥാനിൽ നിന്നും യുവതി എത്തിയത് വലിയ വാർത്തായിരുന്നു. പാകിസ്ഥാനിൽ നിന്ന് നാല് കുട്ടികളുമായാണ് 27കാരിയായ സീമ ഹൈദർ എന്ന യുവതി ഇന്ത്യൻ 22 കാരനായ കാമുകനെ തേടിയെത്തിയത്. മെയ് പകുതിയോടെയാണ് യുവതി പാകിസ്ഥാനിൽ നിന്ന് ഗ്രേറ്റർ നോയിഡയിൽ എത്തിയത്. ഒരുമാസത്തോളം പൊലീസിന്റെ കണ്ണുവെട്ടിച്ച് അപ്പാർട്ട്മെന്റിൽ താമസിക്കുകയും ചെയ്തു. തുടർന്ന് വിവരമറിഞ്ഞ പൊലീസ് യുവതിയേയും കാമുകനെയും കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചതിനും അനധികൃത കുടിയേറ്റക്കാർക്ക് അഭയം നൽകിയതിനും ജയിലിലായ സീമ ഹൈദറും സച്ചിൻ മീണയും പിന്നീട് മോചിതരായി ഒരുമിച്ച് ജീവതം തുടങ്ങിയിരുന്നു.
Read More : നാടൻ തോക്ക്, വെടിയുണ്ടകള്‍, കത്തി, വാക്കി ടോക്കി; ബെംഗളുരുവിൽ പിടിയിലായത് തടിയന്‍റവിട നസീറിന്‍റെ അനുയായികൾ
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം - LIVE