
സുള്ള്യ(മംഗളൂരു): വിദ്യാഭ്യാസ വായ്പ ഒറ്റത്തവണ തീർപ്പാക്കിയതിനെ തുടർന്ന് സിബിൽ സ്കോർ ഇടിയുകയും മറ്റ് വായ്പകൾ ലഭ്യമല്ലാതാകുകയും ചെയ്തതോടെ ബാങ്കിനുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധം. കർണാടകയിലെ സുള്ള്യ താലൂക്കിലെ സാമ്പാജെയിലെ കല്ലുഗുണ്ടിയിലുള്ള ദേശസാൽകൃത ബാങ്കിലാണ് യുവാവ് കുത്തിയിരുന്നത്. ജൂൺ ഒന്നിനായിരുന്നു സംഭവം. 2016ൽ പെൺകുട്ടിയുടെ വിദ്യാഭ്യാസ വായ്പക്ക് ജാമ്യം നിന്ന കെ പി ജോണി എന്നയാൾക്കാണ് ബാങ്കിൽ നിന്ന് പുതിയ വായ്പ ലഭിക്കാതായത്. വിദ്യാർഥിയുടെ വിദ്യാഭ്യാസം പൂർത്തിയാക്കുകയും കുടുംബം പിന്നീട് വായ്പ തിരിച്ചടക്കുകയും ചെയ്തു.
കുറഞ്ഞ നിരക്കിൽ ഒറ്റത്തവണ തീർപ്പാക്കൽ വഴിയാണ് വായ്പ തിരിച്ചടച്ചത്. ഇതോടെ വായ്പക്ക് ജാമ്യം നിന്ന ജോണിയുടെ സിബിൽ സ്കോർ ഇടിഞ്ഞു. എന്നാൽ ഇക്കാര്യമൊന്നും ഇദ്ദേഹം അറിഞ്ഞില്ല. തുടർന്ന് വായ്പക്ക് ശ്രമിച്ചപ്പോഴാണ് സിബിൽ സ്കോർ ഇടിഞ്ഞതായി ബാങ്ക് ജീവനക്കാർ അറിയിച്ചത്. ബാങ്കിൽ നിന്ന് വിശദീകരണം തേടാനുള്ള ഇയാളുടെ ശ്രമങ്ങൾക്ക് ഒരു മാസത്തിലേറെയായി ഉത്തരം ലഭിച്ചില്ല.
Read More.... കള്ളൻ കൊള്ളാം, മോഷ്ടിക്കാൻ ചെന്നപ്പോൾ എസി ഓണാക്കി ഉറങ്ങിപ്പോയി, പിന്നെ നടന്നത്
സിബിൽ സ്കോർ മാർക്ക് ചെയ്തപ്പോൾ എന്തുകൊണ്ടാണ് അവർ തന്നെ അറിയിക്കാതിരുന്നതെന്ന് ജോണി ബാങ്ക് ജീവനക്കാരോട് ചോദിച്ചു. പ്രതികരണം ലഭിക്കാതായതോടെ ജോണി ശനിയാഴ്ച ബാങ്ക് വളപ്പിൽ കുത്തിയിരിപ്പ് സമരം നടത്തി. പ്രവർത്തനം തടസ്സപ്പെട്ടതായി ചൂണ്ടിക്കാട്ടി ബാങ്ക് അധികൃതർ ഉടൻ തന്നെ കല്ലുഗുണ്ടി പൊലീസിൽ പരാതി നൽകി. പൊലീസെത്തിയാണ് ഇയാളെ നീക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam