
പുനെ: മഹാരാഷ്ട്രയിലെ ബാരാമതിയിൽ ബാങ്ക് ഓഫ് ബറോഡയുടെ ശാഖയിലെ ചീഫ് മാനേജർ ആത്മഹത്യ ചെയ്തു. ബാങ്കിന്റെ പരിസരത്താണ് അദ്ദേഹം ജീവനൊടുക്കിയത്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിയായ ശിവശങ്കർ മിത്ര (52) ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ജോലി ഭാരം താങ്ങാനാകാതെയാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാകുറിപ്പിൽ വ്യക്തമാക്കി. ബാങ്ക് ജോലി സമ്മർദ്ദം മൂലമാണ് താൻ ഈ കടുത്ത നടപടി സ്വീകരിച്ചതെന്ന് മിത്ര പറയുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബാരാമതിയിലെ ബാങ്ക് ഓഫ് ബറോഡയിൽ ചീഫ് മാനേജരായി മിത്ര ജോലി ചെയ്തിരുന്നു. ആരോഗ്യപ്രശ്നങ്ങളും ജോലി സമ്മർദ്ദവും ചൂണ്ടിക്കാട്ടി അദ്ദേഹം 2025 ജൂലൈ 11 ന് രാജി സമർപ്പിച്ചു. നോട്ടീസ് പിരിയഡിലിരിക്കെയാണ് മരണം. ആത്മഹത്യാക്കുറിപ്പിൽ അദ്ദേഹം സഹപ്രവർത്തകരെയോ മേലുദ്യോഗസ്ഥരെയോ കുറ്റപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ഏതെങ്കിലും ബാങ്ക് ഉദ്യോഗസ്ഥർ അധിക ജോലി സമ്മർദ്ദം ഉണ്ടാക്കിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
ബാങ്ക് ജീവനക്കാരെല്ലാം നന്നായി ജോലി ചെയ്യുന്നുണ്ടെന്ന് ബാങ്ക് അവരുടെ മേൽ ഒരു തരത്തിലുള്ള ജോലി സമ്മർദ്ദവും ചെലുത്തരുതെന്നും ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഭാര്യയോടും മകളോടും ജീവിതം അവസാനിപ്പിച്ചതിന് അദ്ദേഹം ക്ഷമ ചോദിക്കുകയും സാധ്യമെങ്കിൽ തന്റെ കണ്ണുകൾ ദാനം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam