ക‍ർണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

By Web TeamFirst Published Jul 28, 2021, 1:26 PM IST
Highlights

കര്‍ണാടക ബിജെപിക്ക് ഇത് തലമുറമാറ്റം. 78-കാരനായ യെദിയൂരപ്പയ്ക്ക് പകരം 61-കാരനായ പുതിയ മുഖ്യമന്ത്രി. അടുത്ത വിശ്വസ്തന്‍റെ കൈയ്യില്‍ ഭരണം സുരക്ഷിതമെന്ന കണക്കുകൂട്ടലിലാണ് യെദിയൂരപ്പ. 

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബി എസ് യെദിയൂരപ്പ, ധര്‍മ്മേന്ദ്രപ്രധാന്‍ അടക്കം മുതിര്‍ന്ന ബിജെപി നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. യെദിയൂരപ്പയുടെ മകന്‍ വിജയേന്ദ്രയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതില്‍ ചര്‍ച്ച തുടരുകയാണ്. മന്ത്രിസഭാ പുനസംഘടനയില്‍ കേന്ദ്രനേതൃത്വം അന്തിമ തീരുമാനമെടുക്കുമെന്നും യെദിയൂരപ്പയുടെ അനുഗ്രഹമുണ്ടെന്നും ബൊമ്മയ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കര്‍ണാടക ബിജെപിക്ക് ഇത് തലമുറമാറ്റം. 78-കാരനായ യെദിയൂരപ്പയ്ക്ക് പകരം 61-കാരനായ പുതിയ മുഖ്യമന്ത്രി. അടുത്ത വിശ്വസ്തന്‍റെ കൈയ്യില്‍ ഭരണം സുരക്ഷിതമെന്ന കണക്കുകൂട്ടലിലാണ് യെദിയൂരപ്പ. കര്‍ണാടകയുടെ 23ാമത്തെ മുഖ്യമന്ത്രിയാണ് ബസവരാജ് ബൊമ്മ. ബിഎസ് യെദിയൂരപ്പയും ബിജെപി കേന്ദ്രനീരിക്ഷകരും രാജ്ഭവനിലെ ചടങ്ങിനെത്തിയിരുന്നു. 

പുതിയ ദൗത്യം നന്നായി കൈകാര്യം ചെയ്യാനാകുമെന്ന് ആത്മവിശ്വാസമുണ്ടെന്നും വലിയ ഉത്തരവാദിതമാണിതെന്നും യെദിയൂരപ്പയുടെ അനു​ഗ്രഹം തനിക്കുണ്ടെന്നും ബൊമ്മെയ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലിംഗായത്ത് നേതാവിനെ മുഖ്യമന്ത്രിയാക്കിയതോടെ മറ്റ് സമുദായ നേതാക്കള്‍ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കി സമുദായിക ബാലൻസ് ഉറപ്പാക്കാനാണ് ബിജെപിയുടെ നീക്കം. 

നാല് ഉപമുഖ്യമന്ത്രിമാര്‍ക്കായി ചര്‍ച്ച തുടരുകയാണ്. വൊക്കലിഗ വിഭാഗത്തില്‍ നിന്നും റവന്യൂ മന്ത്രി ആര്‍ അശോകിനേയും പിന്നാക്ക വിഭാഗത്തില്‍ നിന്ന് ബി ശ്രീരാമുലുവിനെയും ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. യെദ്യൂരപ്പയുടെ മകൻ വിജയേന്ദ്രയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതില്‍ ബിജെപി എംഎല്‍എമാര്‍ ശക്തമായ എതി‍ർപ്പ് ഉന്നയിച്ചതായാണ് സൂചന.
 

click me!