
ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനായി സർക്കാർ ട്രാഫിക് കൺജസ്റ്റൻ ടാക്സ് നടപ്പിലാക്കാൻ ഒരുങ്ങുന്നു. കാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങൾ നടപ്പാക്കാനാണ് നീക്കം. ഫാസ്‍ടാഗ് സംവിധാനം ഉപയോഗിച്ച് ഈ പിഴ ഈടാക്കാനുള്ള പദ്ധതിയും പരിഗണനയിലാണ്. ഉന്നതതല യോഗത്തിന്റെ ശുപാർശകൾ സർക്കാരിന് മുന്നിലുണ്ട്. ഇത് പരിഗണിച്ചുള്ള തീരുമാനങ്ങൾ വൈകാതെയുണ്ടാകുമെന്നാണ് സൂചന. 90 ദിന കർമദിന പരിപാടിയുടെ ഭാഗമായാകും ബെംഗളൂരുവിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനായുള്ള കടുത്ത നടപടികൾ.
ആദ്യഘട്ടത്തിൽ, ഔട്ടർ റിംഗ് റോഡ്, സർജാപുർ റോഡ്, ഹാസൻ റോഡ് തുടങ്ങിയ പ്രധാന റോഡുകളിൽ ഈ നിയമം നടപ്പാക്കാൻ പദ്ധതിയുണ്ട്. ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനും പൊതുഗതാഗത സംവിധാനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഈ നടപടി ലക്ഷ്യമിടുന്നു. സർക്കാരിന്റെ ഈ തീരുമാനം ബെംഗളൂരു നഗരത്തിലെ ഗതാഗത വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.
അതേസമയം ഗതാഗതക്കുരുക്കിനുള്ള പരിഹാരവുമായി ബന്ധപ്പെട്ടുള്ള മറ്റൊരു വാർത്ത എമിറേറ്റ്‌സ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു എന്നതാണ്. റാസൽഖൈമയിൽ നിന്ന് ഉമ്മുൽ ഖുവൈൻ, ഷാർജ വഴി ദുബൈയിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ യാത്രാ സമയം 45 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുന്ന എമിറേറ്റ്‌സ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഊർജ്ജ-അടിസ്ഥാന സൗകര്യ മന്ത്രാലയം വെള്ളിയാഴ്ചയാണ് അറിയിച്ചത്. ഏകദേശം 750 ദശലക്ഷം ദിർഹം (75 കോടി) ചെലവും രണ്ട് വർഷത്തെ നിർമ്മാണ കാലാവധിയുമാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്. അൽ ബദീ ഇന്‍റര്‍ചേഞ്ച് മുതൽ ഉമ്മുൽ ഖുവൈൻ വരെ 25 കിലോമീറ്റർ ദൂരത്തിൽ റോഡ് ഓരോ ദിശയിലും മൂന്ന് ലൈനുകളിൽ നിന്ന് അഞ്ച് ലൈനുകളായി വികസിപ്പിക്കും. ഇതോടെ റോഡിന്‍റെ ശേഷി മണിക്കൂറിൽ 9,000 വാഹനങ്ങളായി വർധിപ്പിക്കും. ഇത് 65 ശതമാനം വർധനവാണ്. പ്രധാന റോഡിന്റെ ഇരുവശത്തും 3.4 കിലോമീറ്റർ സർവീസ് റോഡുകൾ നിർമിക്കുന്നതിനോടൊപ്പം, ഇന്റർചേഞ്ച് നമ്പർ 7നെ വികസിപ്പിക്കാനും പദ്ധതിയുണ്ട്. ഇതിനായി ആറ് ദിശാസൂചന പാലങ്ങൾ നിർമിക്കും. 12.6 കിലോമീറ്റർ നീളമുള്ള ഈ പാലങ്ങൾക്ക് മണിക്കൂറിൽ 13,200 വാഹനങ്ങളെ ഉൾക്കൊള്ളാൻ സാധിക്കും. രാജ്യത്തെ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഫെഡറൽ റോഡുകളിലൊന്നായ എമിറേറ്റ്സ് റോഡിലെ ഗതാഗതക്കുരുക്ക് കുറയുകയും യാത്ര എളുപ്പമാക്കുകയും ചെയ്യുന്നതാണ് പദ്ധതിയെന്ന് ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയം വ്യക്തമാക്കി. അതോടൊപ്പം ഗതാഗതക്കുരുക്കുകൾ കാരണമായുണ്ടാകുന്ന പാരിസ്ഥിതിക മലിനീകരണം കുറയാനും നവീകരണം സഹായിക്കും. വിവിധ എമിറേറ്റുകൾ തമ്മിലുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും ഒഴുക്ക് കൂടുതൽ സുഗമമാക്കാനും പദ്ധതി ഉപകരിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam