'അവന് വേണ്ടി വാങ്ങിയ ഭൂമിയിൽ അവന്റെ സ്മൃതികുടീരം പണിയേണ്ടി വരുന്നു, ഒരച്ഛനും ഈ ​ഗതി വരരുത്'; വിങ്ങിപ്പൊട്ടി ബെംഗളൂരുവിൽ മരിച്ച യുവാവിന്റെ പിതാവ്

Published : Jun 08, 2025, 05:14 AM ISTUpdated : Jun 08, 2025, 05:16 AM IST
Bhumik Lakshman

Synopsis

അപകടത്തിൽ മരിച്ച 21 വയസ്സുള്ള ഭൂമിക് ലക്ഷ്മണന്റെ പിതാവ് ബി ടി ലക്ഷ്മണാണ് മകന്റെ ശവകുടീരത്തിനരികിൽ ഏവരെയും കണ്ണീരിലാഴ്ത്തി പൊട്ടിക്കരഞ്ഞത്.

ബെംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച 21കാരന്റെ മൃതദേഹം അടക്കിയ സ്ഥലത്തുനിന്ന് വിട്ടുമാറാതെ പിതാവ്. അപകടത്തിൽ മരിച്ച 21 വയസ്സുള്ള ഭൂമിക് ലക്ഷ്മണന്റെ പിതാവ് ബി ടി ലക്ഷ്മണാണ് മകന്റെ ശവകുടീരത്തിനരികിൽ ഏവരെയും കണ്ണീരിലാഴ്ത്തി പൊട്ടിക്കരഞ്ഞത്. 

എന്റെ മകന് സംഭവിച്ചത് ആർക്കും സംഭവിക്കരുതെന്ന് ലക്ഷ്മണ മൃതദേഹം അടക്കിയ സ്ഥലത്ത് കിടന്നുകൊണ്ട് പറഞ്ഞു. ഞാൻ അവനുവേണ്ടി വാങ്ങിയ സ്ഥലത്താണ് അവന്റെ സ്മാരകം പണിയേണ്ടി വരുന്നത്. എനിക്ക് ഇപ്പോൾ മറ്റെവിടെയും പോകേണ്ട, ഇവിടെ നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. ഞാൻ നേരിടുന്നത് ഒരു അച്ഛനും നേരിടേണ്ടിവരരുതെന്നും അദ്ദേഹം വിലപിച്ചു. ബന്ധുക്കളാണ് ലക്ഷ്മണയെ വീട്ടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. ഹാസനിലാണ് ഇവരുടെ സ്വദേശം.

18 വർഷത്തെ കാത്തിരിപ്പിന് ശേഷം ആർ‌സി‌ബി ഐ‌പി‌എൽ കിരീടം നേടിയപ്പോഴാണ് ബുധനാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ആയിരങ്ങൾ തടിച്ചുകുടിയത്. തിക്കിലും തിരക്കിലും പെട്ട് അവസാന വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ഭൂമിക് ഉൾപ്പെടെ 11 പേർക്കാണ് ജീവൻ നഷ്ടമായത്. ദുരന്തത്തിന് ശേഷം ലക്ഷ്മൺ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയും പോസ്റ്റ്‌മോർട്ടം സമയത്ത് തന്റെ മകന്റെ മൃതദേഹം കീറിമുറിക്കാതെ തനിക്ക് വിട്ടുകൊടുക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

അതിനിടെ തിരക്കിലും പെട്ട് മരിച്ച 11 പേരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം ഉയർത്തി കർണാടക സർക്കാർ. നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന് വിമർശനം ബിജെപി ഉന്നയിച്ചിരുന്നു. ഇതോടെയാണ് നേരത്തെ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ സഹായം 25 ലക്ഷം രൂപയാക്കി ഉയർത്തിയത്. സംസ്ഥാനസർക്കാരിന്‍റെ നിരുത്തരവാദിത്തപരമായ സമീപനമാണ് ദുരന്തത്തിന് വഴിവച്ചതെന്ന വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

'ഇന്ത്യ സമാധാനത്തിന്‍റെ പക്ഷത്ത്', പുടിനെ അറിയിച്ച് മോദി; സംഘർഷത്തിന് സമാധാനപരമായ പരിഹാരത്തിന് ശ്രമിക്കുകയാണെന്ന് പുടിൻ
റദ്ദാക്കിയത് 700 ഓളം സര്‍വീസുകള്‍, ദില്ലി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം; ചിറകൊടിഞ്ഞ് ഇൻഡിഗോ, രാജ്യമെങ്ങും വലഞ്ഞ് യാത്രക്കാർ