
ചെന്നൈ: അണ്ണാ സര്‍വകലാശാലക്ക് കീഴിലുള്ള കോളേജുകളിലെ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനവിഷയമായി ഭഗവദ്ഗീത ഉള്‍പ്പെടുത്തിയത് വിവാദമാകുന്നു. എഞ്ചിനീയറിങ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓഡിറ്റ് കോഴ്സിന്‍റെ ഭാഗമായാണ് ഭഗവദ്ഗീത പഠനം ഉള്‍പ്പെടുത്തിയത്.
ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യൂക്കേഷന്‍(എഐസിറ്റിഇ)യുടെ പാഠ്യപദ്ധതി പ്രകാരം ആറ് ഓഡിറ്റ് കോഴ്സുകളാണ് അണ്ണാ യൂണിവേഴ്സിറ്റി ആരംഭിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ വികസനം കൂടി ലക്ഷ്യമാക്കിയുള്ളവയാണ് പുതിയ ഓഡിറ്റ് കോഴ്സുകള്‍. ജീവിതത്തില്‍ വിജയങ്ങള്‍ കൈവരിക്കാനും വ്യക്തിത്വ വികസനത്തിനും ഗീതാ പഠനം സഹായിക്കുമെന്ന് സര്‍വകലാശാല പദ്ധതിയുടെ ലക്ഷ്യമായി പറയുന്നു. എന്നാല്‍ ഈ കോഴ്സുകള്‍ നിര്‍ബന്ധിത പാഠ്യവിഷയമല്ലെന്നും വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുക്കാവുന്നതാണെന്നുമാണ് സര്‍വകലാശാല അധികൃതര്‍ പറയുന്നത്.
അതേസമയം മറ്റ് മതഗ്രന്ഥങ്ങളെ ഒഴിവാക്കി ഭഗവദ്ഗീത പഠനവിഷയമാക്കിയത് ഹിന്ദുമതം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണെന്ന് സര്‍വകലാശാലയിലെ ഒരു വിഭാഗം അധ്യാപകര്‍ ആരോപിച്ചു. മതഗ്രന്ഥങ്ങള്‍ക്ക് പകരം തത്വശാസ്ത്ര ഗ്രന്ഥങ്ങളാണ് ഉള്‍പ്പെടുത്തേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആരോപണങ്ങള്‍ തള്ളിയ സര്‍വകലാശാല അധികൃതര്‍ ചില കേന്ദ്രങ്ങള്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam