
അമൃത്സര്‍: പഞ്ചാബില്‍ (Punjab) ഈ മാസം 16 ന് സത്യപ്രതിജ്ഞ ചെയ്യുക ഭഗവന്ത് മന്‍ (Bhagwant Mann) മാത്രം. പതിനാറ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും. പഞ്ചാബ് മന്ത്രിസഭയിലെ പത്ത് മന്ത്രിമാരുടെ പേരുകളിൽ തീരുമാനമായിട്ടുണ്ട്. ഹർപാൽ സിങ് ചീമ, അമൻ അറോറ, മേത്ത് ഹയർ, ജീവൻ ജ്യോത് കൗർ, കുല്‍താര്‍ സന്ദ്വാന്‍, ഛരൺജിത്ത്, കുൽവന്ദ് സിങ്ങ്, അൻമോൾ ഗഗൻ മാൻ, സർവ്ജിത്ത് കൗർ, ബാല്‍ജിന്ദര്‍ കൌര്‍ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്. മൂന്ന് വനിതകൾ ആദ്യ പട്ടികയിലുണ്ട്. പഞ്ചാബ് തെരഞ്ഞെടുപ്പിൽ വമ്പന്‍ വിജയം നേടിയതിൻ്റെ ഭാഗമായുള്ള എ എ പി യുടെ വിജയറാലി അമൃത്സറില്‍ നടക്കുകയാണ്. ആഘോഷ പരിപാടികള്‍ക്കായി പഞ്ചാബിലെത്തിയ അരവിന്ദ് കെജ്രിവള്‍ ഭഗവന്ത് മന്നിനൊപ്പം റാലിയില്‍ പങ്കെടുക്കുന്നുണ്ട്.
സമൂഹത്തിലെ സമസ്ത മേഖലകളിൽപ്പെട്ടവരുടെ പ്രാതിനിധ്യം കൊണ്ട് സമ്പന്നമാണ് പഞ്ചാബിലെ ആംആദ്മി പാർട്ടിയുടെ എംഎൽഎ സംഘം. പഞ്ചാബിലെ ആപ്പ് തരംഗത്തിൽ ജയിച്ച് കയറിയത് 92 പേരാണ്. ഇതിൽ 82 പേർ പുതുമുഖങ്ങൾ, 11 വനിതകൾ. എംഎൽമാരിൽ 25 പേരിലധികം കർഷകരാണ്, 12 പേർ ഡോക്ടർമാർ, രണ്ട് ഗായകർ, 5 അഭിഭാഷകർ, വിവരാവകാശ പ്രവർത്തകർ മുൻ പൊലീസ് ഉദ്യോഗസ്ഥർ ഇങ്ങനെ നീളുന്നു പട്ടിക. ഡോക്ടർമാരിൽ മിന്നും വിജയം നേടിയത് മോഗയിൽ നിന്ന് ജയിച്ചു കയറിയ അമൻദീപ് കൌറാണ്. നടൻ സോനു സൂദിന്‍റെ സഹോദരി മാളവിക സൂദിനെയാണ് കൌർ പരാജയപ്പെടുത്തിയത്. വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് അമന്‍ദീപ് കൗര്‍ പറഞ്ഞു. രാജ്യത്തെ നിയമസഭയിൽ തന്നെ കൂടുതൽ ഡോക്ടർമാരുള്ളത് ഇപ്പോൾ പഞ്ചാബ് നിയമസഭയിലാണ്. കൂട്ടത്തിൽ ആരോഗ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരാണ് അമാൻദീപ് കൌറിന്‍റേത്. ഈ വൈവിധ്യം മന്ത്രിസഭയിലുമെത്തുമ്പോള്‍ ഭരണ നൈപുണ്യത്തിന്‍റെ പുതു ചരിത്രമാകും പഞ്ചാബില്‍ ആംആദ്മി രചിക്കുക.
ചണ്ഡീഗഡ്: പഞ്ചാബിൽ (Punjab) ആം ആദ്മി പാർട്ടിയുടെ (AAP Party) കന്നി ജയം ആധികാരികം. എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ ഉറപ്പിച്ചാണ് എ എ പി അധികാരത്തിൽ എത്തുന്നത്. സംസ്ഥാനത്തെ സമസ്ത മേഖലകളിലും ആപ്പിൻ്റെ മുന്നേറ്റമാണ് കണ്ടത്. മൂന്ന് മേഖലകളിലും എ എ പി ഭൂരിപക്ഷ സീറ്റുകളും നേടി. ആപ്പിൻ്റെ തേരോട്ടത്തിൽ കോൺഗ്രസ് തകർന്ന് അടിഞ്ഞു. ശിരോമണി അകാലിദളും അപ്രസക്തമായി. മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നി മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും തോറ്റു. കോൺഗ്രസിൻ്റെയും ശിരോമണി അകാലിദളിൻ്റെയും പ്രമുഖ നേതാക്കളും അമരീന്ദ്ര സിങും പരാജയപ്പെട്ടു.
കോൺഗ്രസിൻ്റെയും ശിരോമണി അകാലിദളിൻ്റെയും പരമ്പരാഗത വോട്ടുകളിലും ആം ആദ്മി പാര്‍ട്ടി വിള്ളൽ വീഴ്ത്തി. എല്ലാ പാർട്ടികളിലെയും വലിയ നേതാക്കളെയും എ എ പി സ്ഥാനാർത്ഥികൾ തറപറ്റിച്ചു. മുഖ്യമന്ത്രി ചരൺജിത്ത് സിങ്ങ് ഛന്നിയെ ചാംകൂർ സാഹിബിലും ബദൗറിലും വീഴ്ത്തിയത് എ എ പി സ്ഥാനാർത്ഥികളാണ്. താര പോരാട്ടം നടന്ന അമൃത്സർ ഈസ്റ്റിൽ നവജ്യോത്സിങ്ങ് സിനെയും ബിക്രം മജീതിയയെയും തോൽപിച്ചത് സമൂഹിക പ്രവർത്തക ജീവൻ ജ്യോത് കൗറാണ്. ശിരോമണി അകാലിദൾ നേതാക്കളായ പ്രകാശ് സിങ്ങ് ബാദലും സുഖ്ബീർ സിങ് ബാദലിനും അടപതറിയത് എ എ പി യുടെ സാധാരണക്കാരായ സ്ഥാനാർത്ഥികളോടാണ്. കോൺഗ്രസ് വിട്ട് ബിജെപിക്കൊപ്പം മത്സരിച്ച ക്യാപ്റ്റൻ സിങ്ങിനും സ്വന്തം തട്ടകത്തിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.
ദളിത് വോട്ടുകൾ ലക്ഷ്യമിട്ട് ഛന്നിയെ മുൻനിർത്തി നടത്തിയ പരീക്ഷണവും കോൺഗ്രസിനെ തുണച്ചില്ല. പാർട്ടിയിലെ ഉൾപ്പോരും വടംവലിയും പ്രചാരണത്തിലെ ഏകോപനവും വീഴ്ച്ചകളായപ്പോൾ പഞ്ചാബിലെ ജനങ്ങൾ വികസനത്തിന് വോട്ട് ചോദിച്ച ആം ആദ്മി പാർട്ടിക്ക് വോട്ട് കുത്തി. ശിരോമണി അകാലിദളിന് സ്വന്തം ശക്തികേന്ദ്രങ്ങൾ കൂടിയാണ് ഈ തെരഞ്ഞെടുപ്പിൽ നഷ്ടമായത്. പ്രമുഖ നേതാക്കളുടെ തോൽവി അകാലിദളിൽ ഭിന്നസ്വരം ഉയരാൻ കാരണമാകും. മാത്സാ മേഖലയിലെ തോൽവി അകാലിദളിൻ്റെ രാഷ്ട്രീയ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്. മത സമുദായിക ഘടകങ്ങൾക്കപ്പുറം പഞ്ചാബ് വോട്ട് നൽകി എന്നത് കൂടിയാണ് ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധയേമാക്കുന്നത്.