
ബെംഗളൂരു: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ മൃതദേഹം കണ്ണീരോടെയാണ് അടുത്ത ബന്ധുക്കൾ ഏറ്റുവാങ്ങിയത്. ബെംഗളൂരു സ്വദേശി ഭരത് ഭൂഷന്‍റെ വൃദ്ധരായ മാതാപിതാക്കൾ പൊട്ടിക്കരഞ്ഞുകൊണ്ട് മകന്‍റെ അരികിൽ ഇരിക്കുന്നത് സങ്കടക്കാഴ്ചയായി. ശിവമൊഗ്ഗ സ്വദേശി മഞ്ജുനാഥ റാവുവിന്‍റെ മൃതദേഹം റോഡ് മാർഗം വിലാപയാത്രയായാണ് നാട്ടിലേക്ക് കൊണ്ട് പോയത്.
ബെംഗളുരു വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ അഞ്ചേമുക്കാലോടെ ചേതനയറ്റ ദേഹമായി ഭരത് ഭൂഷൻ മടങ്ങിയെത്തുമ്പോൾ ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു ജാലഹള്ളിയെന്ന നഗരപ്രാന്തത്തിലെ വീടുകളും മനുഷ്യരും. പൊട്ടിക്കരഞ്ഞുകൊണ്ട് മരുമകളെ ചേർത്ത് പിടിച്ച്, പേരക്കുട്ടിയെ കയ്യിലെടുത്ത് അച്ഛൻ ചെന്നവീരപ്പ മകനെ ഒരു നോക്ക് കണ്ടു. കിടപ്പ് രോഗിയായ അമ്മ മൂത്ത മകന്‍റെ കൈ പിടിച്ച് തളർന്ന് ഭരതിന്‍റെ മൃതദേഹത്തിനരികെ ഇരിക്കുന്ന കാഴ്ച ഒരു നാടിന്‍റെ നോവായി.
മുഖ്യമന്ത്രി സിദ്ധരാമയ്യയും ഗവർണർ തവർ ചന്ദ് ഗെഹ്‍ലോട്ടും കേന്ദ്ര മന്ത്രി വി സോമണ്ണയും അടക്കം പ്രമുഖ രാഷ്ട്രീയനേതാക്കൾ ഭരതിന് അന്തിമോപചാരമർപ്പിക്കാനെത്തി. മൂന്ന് വയസ്സുകാരന്‍റെ മുന്നിൽ വച്ച് അച്ഛനെ വെടിവച്ചുവീഴ്ത്താൻ എങ്ങനെ കഴിഞ്ഞു ആ ഭീകരർക്കെന്ന് സിദ്ധരാമയ്യയുടെ കൈ പിടിച്ച് തേങ്ങിക്കൊണ്ട് ആ കുടുംബം ചോദിച്ചു.
മക്കളുടെ കൂടെ കളിച്ച് വളർന്ന അയൽപക്കത്തെ ഭരത് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന വാർത്ത ടിവിയിൽ നടുക്കത്തോടെയാണ് മലയാളിയായ എൽസി ജേക്കബ് എന്ന അമ്മ കണ്ടത്. ശിവമൊഗ്ഗ സ്വദേശിയായ മഞ്ജുനാഥ റാവുവിന്‍റെ മൃതദേഹം വിലാപയാത്രയായാണ് നാട്ടിലേക്ക് കൊണ്ട് പോയത്. ബെംഗളുരു രാമമൂർത്തി നഗറിൽ താമസിച്ചിരുന്ന ആന്ധ്ര സ്വദേശി മധുസൂദൻ റാവുവിന്‍റെ മൃതദേഹം ഇന്നലെ രാത്രി തന്നെ ചെന്നൈയിലെത്തിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam