കൊവാക്സിൻ തയ്യാർ? അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്ക്

By Web TeamFirst Published Dec 7, 2020, 11:07 PM IST
Highlights

കേന്ദ്രസർക്കാർ സ്ഥാപനമായ ഐ.സി.എം.ആറുമായി സഹകരിച്ച് ഹൈദരാബദ് ആസ്ഥാനമായ ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്സിനാണ് കൊവാക്സിൻ. നിലവിൽ മൂന്നാം ഘട്ട പരീക്ഷണത്തിലുള്ള ഈ വാക്സിൻ രാജ്യത്തെ 18 സെൻ്ററുകളിലായി 22,000 വളൻ്റിയർമാർക്കായി നൽകി കൊണ്ടിരിക്കുകയാണ്

ദില്ലി: ഫൈസറിനും സെറം ഇൻസ്റ്റിറ്റ്യൂട്ടിനും പിറകേ ഇന്ത്യയിൽ കൊവിഡ് വാക്സിൻ ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്ക്. മൂന്നാം ഘട്ടം പരീക്ഷണം പുരോഗമിക്കുന്ന തങ്ങളുടെ കൊവാക്സിൻ എന്ന കൊവിഡ് പ്രതിരോധ വാക്സിൻ ഉപയോഗിക്കാനുള്ള അനുമതി തേടിയാണ് ഭാരത് ബയോടെക്ക് ഡിസിജിഐയെ സമീപിച്ചിരിക്കുന്നത്. 

ഓക്സ്ഫഡ് വാക്സിന്‍ ഉപയോഗിക്കാൻ അനുമതി തേടിയ ആദ്യ ഇന്ത്യൻ കമ്പനി സെറം ഇൻസ്റ്റിറ്റ്യൂട്ടാണ്. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് രാജ്യത്ത് വാക്സിനുളും മരുന്നുകളും ഉപയോഗിക്കാൻ അനുമതി നൽകുക.  അമേരിക്കൻ കമ്പനിയായ ഫൈസര്‍ അവരുടെ വാക്സിൻ്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നു. മൂന്ന് കമ്പനികളും നൽകിയ അപേക്ഷയിൽ ബുധനാഴ്ച ഡിസിജിഐയുടെ വിദഗ്ദ്ധ സമിതി തീരുമാനമെടുക്കും. 

കേന്ദ്രസർക്കാർ സ്ഥാപനമായ ഐ.സി.എം.ആറുമായി സഹകരിച്ച് ഹൈദരാബദ് ആസ്ഥാനമായ ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്സിനാണ് കൊവാക്സിൻ. നിലവിൽ മൂന്നാം ഘട്ട പരീക്ഷണത്തിലുള്ള ഈ വാക്സിൻ രാജ്യത്തെ 18 സെൻ്ററുകളിലായി 22,000 വളൻ്റിയർമാർക്കായി നൽകി കൊണ്ടിരിക്കുകയാണ്. പരീക്ഷണം ഫലപ്രദമായി പുരോഗമിക്കുന്നുവെന്ന വാർത്തകൾക്കിടയിലാണ് ഈ സ്വദേശി കൊവിഡ് വാക്സിൻ്റെ നിർമ്മാതാക്കളായ ഭാരത് ബയോടെക്ക് അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ നൽകിയത്. 

സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓക്സ്ഫഡ് സ‍ർവകലാശാലയും അസ്ട്രാസ്നൈക്കയുമായി ചേർന്നാണ് കൊവിഷീല്‍ഡ് വാക്സിന്‍ വികസിപ്പിക്കുന്നത്. രാജ്യത്ത് വാക്സിന്‍റെ മൂന്നാംഘട്ട പരീക്ഷണം പുരോഗമിക്കുന്നതിനിടെയാണ് ഉപയോഗത്തിനുള്ള അനുമതി തേടി ഡിസിജിഐക്ക് അപേക്ഷ നല്‍കിയത്. കൊവിഡിനെതിരെ ഓകസ്ഫഡ് വാക്സിൻ ഫലപ്രദമാണെന്ന് വിവരവും കന്പനി കൈമാറി.  ബ്രട്ടനിലെ രണ്ടും ബ്രസീല്‍, ഇന്ത്യ എന്നീ രാജ്യങ്ങളെ ഒന്നു വീതവും പരീക്ഷണ വിവരങ്ങളുമാണ് ഡിസിജിഐക്ക് സമര്‍പ്പിട്ടുള്ളത്. 

വിദേശത്തെ പരീക്ഷണങ്ങളില്‍ 70 ശതമാനം ഫലപ്രാപ്തി ഓക്സ്ഫഡ് വാക്സിനുണ്ടെന്നാണ് കണ്ടെത്തല്‍. ഇതിനോടകം നാല്‍പ്പത് കോടി വാക്സിൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ചിട്ടുണ്ടെന്നാണ് ICMR നല്‍കുന്ന വിവരം. പന്ത്രണ്ട് ബാച്ച് വാക്സിൻ സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറിക്ക് പരിശോധനക്കായി സെറം സമർപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കൊവിഷീല്‍ഡ് 2 മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ സംഭരിച്ച് സൂക്ഷിക്കാൻ കഴിയുമെന്നതിനാല്‍ ഇന്ത്യയിൽ മികച്ച രീതിയില്‍ വിതരണം ചെയ്യാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. 

വാഗ്ദാനം ചെയ്തത് പോലെ 2020 അവസാനിക്കുന്നതിന് മുന്‍പ് തന്നെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അനുമതിക്കായി അപേക്ഷ നല്‍കിയെന്നും കൊവിഷീല്‍ഡിന് നിരവധി ജീവന്‍ രക്ഷിക്കാൻ സാധിക്കുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദര്‍പൂനെവാല ട്വീറ്റ് ചെയ്തു.

click me!