ഭാരത് ജോഡോ ന്യായ് യാത്രയിലെ സംഘര്‍ഷം: രാഹുൽ ഗാന്ധിയടക്കം നേതാക്കൾക്കെതിരെ കേസെടുത്തു

Published : Jan 23, 2024, 10:56 PM IST
ഭാരത് ജോഡോ ന്യായ് യാത്രയിലെ സംഘര്‍ഷം: രാഹുൽ ഗാന്ധിയടക്കം നേതാക്കൾക്കെതിരെ കേസെടുത്തു

Synopsis

ഗുവാഹത്തി നഗരത്തിലൂടെയുള്ള രാഹുല്‍ഗാന്ധിയുടെ യാത്ര കടന്നുപോകുന്നത് അസം പൊലീസ് തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്

ഗുവാഹത്തി: കോൺഗ്രസിന്റെ ഭാരത് ജോഡോ ന്യായ് യാത്രയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരെ അസം പോലീസ് കേസെടുത്തു. പൊതുമുതൽ നശിപ്പിക്കൽ, അക്രമം, പ്രകോപനം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കനയ്യ കുമാർ തുടങ്ങിയവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അസം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത വിവരം സമൂഹ മാധ്യമമായ എക്സിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പങ്കുവച്ചു.

ഗുവാഹത്തി നഗരത്തിലൂടെയുള്ള രാഹുല്‍ഗാന്ധിയുടെ യാത്ര കടന്നുപോകുന്നത് അസം പൊലീസ് തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്.  പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് കോണ്‍ഗ്രസ് പ്രവർത്തകർ പൊളിച്ച് നീക്കി. ഇതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശിയത് സംഘർഷത്തിന് വഴിവെച്ചു.  രാഹുല്‍ഗാന്ധി ബസിന് മുകളില്‍ നില്‍ക്കുമ്പോഴായിരുന്നു  പൊലീസും പ്രവർത്തകരും തമ്മിലുള്ള സംഘർഷം.  എന്നാല്‍ ബജ്രംഗ്ദളിനും ബിജെപിക്കും റാലി നടത്താൻ ഇതേ വഴി  നല്‍കിയിരുന്നുവെന്നും തങ്ങള്‍ക്ക് മാത്രമാണ് അനുമതി നല്‍കാത്തതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. 

സംഘർഷം ഉണ്ടായതിന് പിന്നാലെ രാഹുലിനെതിരെ കേസ് എടുക്കാൻ അസം മുഖ്യമന്ത്രി ഡിജിപിക്ക് നിർദേശം നൽകിയിരുന്നു. സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ തെളിവായി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍  തന്നെ ഭയപ്പെടുത്താൻ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തിൽ പ്രതികരിച്ചു. യാത്ര പശ്ചിമ ബംഗാളിലേക്ക് കടക്കാനിരിക്കെ യാത്രയുടെ ഭാഗമാകാൻ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ഉള്‍പ്പെടെയുള്ളവരെ കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്. വിഷയം ഇടത് മുന്നണിയില്‍ ചർച്ച ചെയ്ത് അറിയിക്കാമെന്ന് സിപിഎം കോണ്‍ഗ്രസിനെ അറിയിച്ചു. എന്നാല്‍ തൃണമൂല്‍ പങ്കെടുക്കുമെങ്കില്‍ യാത്രയുടെ ഭാഗമാകില്ലെന്നും സിപിഎം നിലപാട് അറിയിച്ചു. യാത്രയുടെ ഭാഗമാകാൻ തൃണമൂലിനെയും  കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നു. അതേസമയം ബിഹാറില്‍ നീതീഷ് കുമാ‌ർ പങ്കെടുക്കമെന്ന് അറിയിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി
പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്