ഭാരത് ജോഡോ യാത്ര അടുത്ത മാസം രാജസ്ഥാനിൽ; ആൽവാറിൽ റാലി സംഘടിപ്പിക്കും

By Web TeamFirst Published Nov 9, 2022, 10:33 AM IST
Highlights

യാത്രയ്ക്കിടെ, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രചാരണത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും.

ജയ്പൂർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡിസംബർ മൂന്നിന് രാജസ്ഥാനിൽ എത്തും. ആൽവാറിൽ റാലി സംഘടിപ്പിക്കുമെന്നും പാർട്ടി നേതാക്കൾ അറിയിച്ചു. രാജസ്ഥാൻ കോൺ​ഗ്രസ് നേതാവ് ​ഗോവിന്ദ് സിം​ഗ് ദൊത്താസ്ര, വിഭാകർ ശാസ്ത്രി എന്നിവർ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളിലൂടെയാണ് യാത്ര ആൽവാറിലെത്തുക. യാത്രയ്ക്കിടെ, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രചാരണത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും. യാത്ര 18 മുതൽ 21 ദിവസം വരെ രാജസ്ഥാനിൽ തങ്ങുമെന്നും ഷെഡ്യൂളിൽ മാറ്റങ്ങളുണ്ടാകുമെന്നും ശാസ്ത്രി പറഞ്ഞു.

ജോഡോ യാത്രക്ക് അനുവാദമില്ലാതെ സൂപ്പർ ഹിറ്റ് ചിത്രമായ കെജിഎഫിലെ ​ഗാനം ഉപയോ​ഗിച്ചതിനും കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയടക്കം മൂന്ന് പേർക്കെതിരെ പകർപ്പവകാശ നിയമപ്രകാരം കേസെടുത്തിരുന്നു. ബെം​ഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന മ്യൂസിക് കമ്പനിയായ  എംആർടിയുടെ ബിസിനസ് പങ്കാളിമാളിമാരിലൊരാളാ‌യ നവീൻ കുമാറാണ് പരാതിക്കാരൻ. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തെന്നും അധികൃതർ അറിയിച്ചു. ഈ കമ്പനിക്കാണ് കെജിഎഫിലെ ​ഗാനങ്ങളുടെ പകർപ്പാവകാശം.

രാഹുൽ ​ഗാന്ധിയെക്കൂടാതെ രാജ്യസഭാ എംപി ജയറാം രമേശ്, കോൺ​ഗ്രസിന്റെ സോഷ്യൽമീഡിയ, ഡിജിറ്റൽ പ്ലാറ്റ് ഫോം മേധാവി സുപ്രിയാ ശ്രീനാതെ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ജയറാം രമേശിനെയും സുപ്രിയയെയും ബെം​ഗളൂരു സിറ്റി പൊലീസ് വിളിപ്പിച്ചു. ക്രിമിനൽ ​ഗൂഢാലോചന‌യടക്കമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ രാഹുൽ മൂന്നാം പ്രതിയാണ്. പ്രമോഷണൽ ​ഗാനമായി അനുമിതിയില്ലാതെ ഉപയോ​ഗിച്ചെന്നും പരാതിയിൽ പറയുന്നു.  

കോൺ​ഗ്രസിന്റെയും ഭാരത് ജോ‍ഡോ യാത്രയുടെയും ട്വിറ്റർ ഹാൻഡിലുകൾ മരവിപ്പിക്കാൻ, ബം​ഗളൂരു സിവിൽ കോടതി ഉത്തരവിട്ടിരുന്നു. സിവിൽ കോടതി ഉത്തരവിനെതിരെ കർണാടക ഹൈക്കോടതിയെ  സമീപിച്ചാണ് കോൺ​ഗ്രസ് പ്രശ്നം പരിഹിരിച്ചത്. പകർപ്പവകാശ പരാതി ഉയർന്ന വീഡിയോകൾ പിൻവലിച്ചത് കണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവ്.

ഗുജറാത്തിൽ രണ്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം ഡിസംബര്‍ ഒന്നിനും രണ്ടാം ഘട്ടം ഡിസംബര്‍ അഞ്ചിനും നടക്കും. ഡിസംബര്‍ ഒന്നിന് ആദ്യ ഘട്ടം വിധിയെഴുതുന്നത് 89 മണ്ഡലങ്ങളാണ്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ അഞ്ചിന്  93 മണ്ഡലങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് നീങ്ങും. 182 മണ്ഡലങ്ങളുടെയും വോട്ടെണ്ണല്‍ ഒന്നിച്ച് ഡിസംബര്‍ എട്ടിന് നടക്കും. 4. 9 കോടി വോട്ടര്‍മാരാണ് ഇക്കുറി വിധിയെഴുതുന്നത്. 51, 782 പോളിംഗ് സ്റ്റേഷനുകളും സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞവേള ഒറ്റഘട്ടമായിരുന്നു തെരഞ്ഞെടുപ്പ്. 

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം നടന്ന് പൂജ ഭട്ട്

ജോഡോ യാത്രക്ക് കെജിഎഫിലെ പാട്ടുപയോ​ഗിച്ചു, രാഹുൽ ​ഗാന്ധിക്കെതിരെ കേസ്

കോൺഗ്രസിന് ആശ്വാസം; ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി കർണാടക ഹൈക്കോടതി റദ്ദാക്കി

click me!