
ബംഗളൂരു: കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആയിരം കിലോമീറ്റര്‍ പിന്നിട്ടു. വടക്കന്‍ കര്‍ണാടകയിലെ ജോഡോ യാത്രയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പങ്കെടുത്തു. കെ സുധാകരന്‍, വി ഡി സതീശന്‍ എന്നിവരും യാത്രയുടെ ഭാഗമാകും. ആന്ധ്ര, കര്‍ണാടക അതിര്‍ത്തി മേഖലയിലൂടെയാണ് ഇപ്പോള്‍ യാത്ര പുരോഗമിക്കുന്നത്. ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടും യാത്രയില്‍ പങ്കാളികളാകും.
ഇന്ന് വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തില്‍ മൂന്ന് ലക്ഷം പ്രവര്‍ത്തകര്‍ ഭാഗമാകുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഖാര്‍ഗെയും രാഹുല്‍ഗാന്ധിയും ഒരുമിച്ചുള്ള ബനറുകളും യാത്ര കടന്നുപോകുന്ന വീഥികളിലുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ ആറ് മാസം മാത്രമുള്ളപ്പോള്‍ ഭാരത് ജോഡോ യാത്രിലൂടെ കര്‍ണാടകയില്‍ വലിയ സ്വപ്നങ്ങളാണ് കോണ്‍ഗ്രസ് കാണുന്നത്. 2010ൽ ബിജെപി ഭരണത്തിൻ കീഴിൽ റെഡ്ഡി സഹോദരന്മാർ നടത്തിയ അനധികൃത ഖനനത്തിനെതിരെ കോൺഗ്രസ് നേതാവായ സിദ്ധരാമയ്യ നടത്തിയ 320 കിലോമീറ്റർ പദയാത്ര ബല്ലാരിയെ ഇളക്കി മറിച്ചിരുന്നു.
ജി ജനാർദ്ദന റെഡ്ഡി, കരുണാകര റെഡ്ഡി, സോമശേഖര റെഡ്ഡി എന്നിവർക്കെതിരായ മാർച്ച് കോൺഗ്രസിന് ഒരു പ്രധാന വഴിത്തിരിവും ഊര്‍ജവുമായി മാറി. അത് അന്നത്തെ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്‌ക്കെതിരായ ആക്രമണത്തിന് മൂർച്ച കൂട്ടാനും ബിജെപി സർക്കാരിനെ പുറത്താക്കാനും സഹായിച്ചു. പിന്നാലെ 2013ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയിരുന്നു. ജോഡോ യാത്രയിലൂടെ രാജ്യത്ത് പുത്തന്‍ ഉണര്‍വ്വ് പാര്‍ട്ടിക്ക് ഉണ്ടായിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.
ഇതിനിടെ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് മറ്റന്നാള്‍ നടക്കും. എഐസിസികളിലും പിസിസികളിലും ഭാരത് ജോഡോ യാത്രയിലുമായി 68 ബൂത്തുകളാണ് പോളിംഗിനായി സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ പത്ത് മണി മുതൽ വൈകീട്ട് നാല് വരെയാണ് പോളിംഗ്. ഒൻപതിനായിരത്തിലേറെ പേർക്കാണ് വോട്ടവകാശമുള്ളത്.
വോട്ടെടുപ്പ് കഴിഞ്ഞ ഒരു ദിവസത്തെ ഇടവേള കഴിഞ്ഞ് ബുധനാഴ്ച വോട്ടുകളെണ്ണി ഫലം പ്രഖ്യാപിക്കും. മത്സര രംഗത്തുള്ള മല്ലികാർജ്ജുൻ ഖാർഗെയും, ശശി തരൂരും വോട്ടുറപ്പിക്കാൻ അവസാനവട്ട പ്രചാരണത്തിലാണ്. ഭൂരിപക്ഷം നേതാക്കളും, പിസിസികളും ഖാർഗെക്ക് പിന്തുണ അറിയിച്ചുണ്ട്. യുവാക്കളുടേതടക്കം വോട്ട് പ്രതീക്ഷിക്കുന്ന തരൂർ രഹസ്യ ബാലറ്റിലൂടെ പിന്തുണ അനുകൂലമാകുമെന്നാണ് കരുതുന്നത്.
എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്; വോട്ടെടുപ്പ് മറ്റന്നാൾ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam