ഭാരത് ബന്ദ് സമാധാനപരമായിരിക്കും; ദില്ലിയിലേക്കുള്ള എല്ലാ വഴികളും ഉപരോധിക്കുമെന്നും കർഷകസംഘടനകൾ

By Web TeamFirst Published Dec 6, 2020, 6:12 PM IST
Highlights

അവശ്യ സർവ്വീസുകളെ ബന്ദിൽ നിന്ന് ഒഴിവാക്കി. വിവാഹസംഘങ്ങളെയും തടയില്ല. ദില്ലിയിലേക്കുള്ള എല്ലാ വഴികളും ഉപരോധിക്കുമെന്നും കർഷകസംഘടനകൾ അറിയിച്ചു. 


ദില്ലി: ചൊവ്വാഴ്ചത്തെ ഭാരത് ബന്ദ് സമാധാനപരമായിരിക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചു. അവശ്യ സർവ്വീസുകളെ ബന്ദിൽ നിന്ന് ഒഴിവാക്കി. വിവാഹസംഘങ്ങളെയും തടയില്ല. ദില്ലിയിലേക്കുള്ള എല്ലാ വഴികളും ഉപരോധിക്കുമെന്നും കർഷകസംഘടനകൾ അറിയിച്ചു. നിയമം പിൻവലിക്കുക തന്നെ വേണമെന്നാണ് സംഘടനകളുടെ നിലപാട്. 

ഭാരത് ബന്ദിന് ആം ആദ്മി പാർട്ടി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നേതാക്കളോടും പ്രവർത്തകരോടും ബന്ദിനെ പിന്തുണയ്ക്കാൻ പാർട്ടിയുടെ ദേശീയ കൺവീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു. നമ്മുടേത് കാർഷിക രാജ്യമാണെന്നും എല്ലാവരും കർഷകരെ പിന്തുണക്കണമെന്നും ദില്ലി മന്ത്രി ഗോപാൽ റായ് പറഞ്ഞു.

കാർഷിക നിയമം പിൻവലിക്കാൻ ആവശ്യപ്പെട്ടുള്ള സമരത്തിന്റെ ഭാ​​ഗമായാണ് കർഷകസംഘടനകൾ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. സമരം കർശനമാക്കി നിയമം പിൻവലിപ്പിക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. 

ഇന്നലെ കർഷകസംഘടനകളുമായി കേന്ദ്രസർക്കാർ നടത്തിയ അഞ്ചാം വട്ട ചർച്ചയും പരാജയപ്പെട്ടിരുന്നു. മറ്റന്നാൾ വീണ്ടും ചർച്ച നടത്തും. നിയമങ്ങൾ പിൻവലിക്കാതെ യതൊരു ഒത്തുതീർപ്പിനുമില്ലെന്ന് കർഷകർ നിലപാട് ആവർത്തിച്ചു.  
 

click me!