
ദില്ലി: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടർന്ന് ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ജയിൽ മോചിതനായി. വൻ സ്വീകരണമാണ് ജയിലിന് പുറത്ത് ആസാദിന് അണികൾ നൽകിയത്. ഇന്നലെയാണ് ദില്ലി തീസ് ഹസാരി കോടതി ഉപാധികളോടെ ആസാദിന് ജാമ്യം അനുവദിച്ചത്. എന്നാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നു മാത്രമാണ് ആസാദിന് തീഹാർ ജയിലിൽ നിന്നും ഇറങ്ങാനായത്.
അടുത്ത ഒരുമാസത്തേക്ക് ദില്ലിയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് കോടതി ആസാദിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഫെബ്രുവരി 16-ന് മുന്‍പായി ആസാദ് ചികിത്സയ്ക്കായി ദില്ലി എയിംസില്‍ പോകാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ദില്ലി പൊലീസിനെ മുന്‍കൂട്ടി അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട് .ഉത്തര്‍പ്രദേശിലെ സഹന്‍പുര്‍ പൊലീസ് സ്റ്റേഷനില്‍ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നും ആസാദിന്റെ ജാമ്യവ്യവസ്ഥയില്‍ നിര്‍ദേശിക്കുന്നു.
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന വേളയില്‍ ആസാദിന് ജാമ്യം നല്‍കി പുറത്തു വിടുന്നത് ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുമെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് ദില്ലി പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ആസാദിനെ ദില്ലിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും കോടതി വിലക്കിയത്. ദില്ലി ജമാ മസ്‍ജിദില്‍ പൗരത്വ നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ചതിനാണ് ദില്ലി പൊലീസ് ആസാദിനെ അറസ്റ്റ് ചെയ്ത്.
കോടതി റിമാന്‍ഡ് ചെയ്ത് ആസാദ് പിന്നീട് രോഗബാധിതനായെങ്കിലും കൃത്യമായി ചികിത്സ നല്‍കാന്‍ ദില്ലി പൊലീസ് തയ്യാറാകാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. തുടര്‍ന്ന് കോടതി ഉത്തരവിനെ തുടര്‍ന്നാണ് ആസാദിന് ദില്ലി എയിംസില്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ആസാദിന്‍റെ ജാമ്യഹര്‍ജിയെ എതിര്‍ത്ത ദില്ലി പൊലീസിനെതിരെ രൂക്ഷവിമര്‍ശനമാണ് കഴിഞ്ഞ ദിവസം കോടതി നടത്തിയത്. ആസാദ് പ്രതിഷേധിച്ച ജമാ മസ്‍ജിദ് പാകിസ്‍ഥാനിലാണോ എന്നും വളര്‍ന്നു വരുന്ന നേതാവായ ആസാദിന് എല്ലാ പൗരന്‍മാരേയും പോലെ പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും കോടതി പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam