ഭീമാ കൊറേഗാവ് കലാപക്കേസ്; അന്വേഷണം എന്‍ഐഎയ്ക്ക് വിട്ടു

By Web TeamFirst Published Jan 25, 2020, 6:35 AM IST
Highlights

ഭീമാ കൊറേഗാവ് കലാപക്കേസിൽ ഇനിയെന്ത് ചെയ്യണമെന്ന് തീരുമാനിക്കാൻ സംസ്ഥാന സർക്കാർ പൊലീസുമായി അവലോകന യോഗം നടത്തി 24 മണിക്കൂർ തികയും മുൻപാണ് കേന്ദ്രത്തിന്‍റെ പൂഴിക്കടകൻ. 

മുംബൈ: മഹാരാഷ്ട്രയിലെ ഭീമാ കൊറേഗാവ് കലാപക്കേസ് കേന്ദ്രം എൻഐഎയ്ക്ക് വിട്ടു. കേസിൽ ജയിലിലുള്ള മനുഷ്യാവകാശ പ്രവർത്തകരെ മോചിപ്പിക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നിനിടെയാണ് നീക്കം. സംസ്ഥാനത്തിന്‍റെ അനുവാദമില്ലാതെയുള്ള കേന്ദ്ര തീരുമാനം ഭരണഘടനാ വിരുദ്ധമെന്ന് ആഭ്യന്തര മന്ത്രി അനിൽ ദേശ്‍മുഖ് ആഞ്ഞടിച്ചു.  ഭീമാ കൊറേഗാവ് കലാപക്കേസിൽ ഇനിയെന്ത് ചെയ്യണമെന്ന് തീരുമാനിക്കാൻ സംസ്ഥാന സർക്കാർ പൊലീസുമായി അവലോകന യോഗം നടത്തി 24 മണിക്കൂർ തികയും മുൻപാണ് കേന്ദ്രത്തിന്‍റെ പൂഴിക്കടകൻ. നഗര നക്സലുകളെന്ന് മുദ്രകുത്തി കഴിഞ്ഞ സർക്കാർ ജയിലിലടച്ച മനുഷ്യാവകാശപ്രവർത്തകരെ മോചിപ്പിക്കാൻ സേനയുടെ കൂടി സമ്മതത്തോടെ ത്രികക്ഷി സർക്കാരിൽ ധാരണയായതാണ്. 

പക്ഷെ പന്ത് സംസ്ഥാനത്തിന്‍റെ കോർട്ടിൽ നിന്ന് തട്ടിയകറ്റുകയാണ് എൻഐഎ അന്വേഷണത്തിലൂടെ കേന്ദ്രം. സംസ്ഥാന സർക്കാരിനെ അറിയിക്കാതെയുള്ള ഈ തീരുമാനത്തിലൂടെ ഭരണഘടനയെ ഒരിക്കൽ കൂടി ബിജെപി അപമാനിച്ചെന്ന് ആഭ്യന്തര മന്ത്രി അനിൽ ദേശ്‍മുഖ് വിമർശിച്ചു. ക്രമസമാധാന പാലനം സംസ്ഥാനത്തിന്‍റെ പരിധിയിൽ വരുന്ന വിഷയമാണെന്ന് കേന്ദ്രം മറക്കരുതെന്ന് എൻസിപി മന്ത്രി ജിതേന്ദ്ര അവദ് പറഞ്ഞു.

കേന്ദ്രവും സംസ്ഥാന സർക്കാരും നേർക്കുനേർ നിൽക്കുമ്പോൾ കേസ് എൻഐഎയ്ക്ക് വിട്ടത് രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണ് ദേവേന്ദ്ര ഫഡ്നാവിസ് അടക്കം സംസ്ഥാനത്തെ ബിജെപി നേതൃത്വം. 2017 ഡിസംബർ 31 ന് പൂനെയ്ക്ക് സമീപം ഭീമാ കൊറേഗാവിലുണ്ടായ ദളിത് മറാത്താ കലാപത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. തുടക്കത്തിൽ ഹിന്ദു സംഘടനാ നേതാക്കളായ മിലിന്ദ് ഏക്ബൊടെ,സംഭാജി ബിഡെ എന്നിവർക്കെതിരെയാണ് തുടക്കത്തിൽ പൊലീസ് കേസെടുത്തതെങ്കിലും പിന്നീട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഒന്‍പത് മനുഷ്യാവകാശ പ്രവർത്തകരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. 
 

click me!