
ചെന്നൈ: തമിഴ്നാട് ധർമപുരിയിൽ സർക്കാർ പദ്ധതിയുടെ ഉദ്ഘാടനത്തിന് മുമ്പ് ഹിന്ദു മതാചാര പ്രകാരം നടത്താനിരുന്ന ഭൂമിപൂജ തടഞ്ഞ് എംപി എസ്. സെന്തിൽ കുമാർ. പൊതുപണം ഉപയോഗിച്ച് നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിന് ഒരു മതത്തിന്‍റെ ആചാരപ്രകാരം ചടങ്ങ് നടത്താൻ ശ്രമിച്ചതിന് ഉദ്യോഗസ്ഥരെ എംപി ശകാരിച്ചു. ധർമപുരി ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള ഡിഎംകെയുടെ എംപിയാണ് സെന്തിൽ കുമാർ.
തമിഴ്നാട് ധർമപുരിയിലെ ആലപുരം എന്ന സ്ഥലത്ത് തടാകക്കരയിലെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുമ്പുള്ള ചടങ്ങിനെത്തിയതായിരുന്നു മന്ത്രി. പൊതുമരാമത്ത് വകുപ്പിന്‍റെ ചുമതലയിലുള്ള നിർമാണ പദ്ധതി തുടങ്ങുന്നതിന് മുമ്പ് പൂജാദ്രവ്യങ്ങളും ഭൂമി പൂജ നടത്താൻ ഹിന്ദു പുരോഹിതനേയും എത്തിച്ചിരുന്നു. ഒരു പ്രത്യേക മതത്തിന്‍റെ മാത്രം പ്രാർത്ഥനയും പൂജയും ഉൾപ്പെടുത്തി ചടങ്ങ് നടത്താൻ അനുവദിക്കില്ലെന്ന് എംപി തീർത്തുപറഞ്ഞു. സർക്കാർ പരിപാടികൾ മതപരമായി നടത്താൻ പാടില്ല എന്നറിയില്ലേ എന്ന് ഉദ്യോഗസ്ഥരോട് സെന്തിൽ കുമാർ ചോദിച്ചു. ക്രിസ്ത്യൻ മുസ്ലീം പുരോഹിതർ എവിടെ? മതമില്ലാത്തവരുടെ പ്രതിനിധിയെ ക്ഷണിച്ചിട്ടുണ്ടോ? അദ്ദേഹം ചോദിച്ചു.
തമിഴ്നാട്ടിലേത് എല്ലാ മതങ്ങളേയും തുല്യമായി കാണുന്ന ദ്രാവിഡ മോഡൽ ഭരണമാണ്. സർക്കാർ എല്ലാ മതങ്ങളിൽപ്പെട്ടവർക്കും വേണ്ടിയുള്ളതാണ്. പ്രാർത്ഥന നടത്തുന്നതിന് താൻ എതിരല്ലെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി. പക്ഷേ അതിൽ എല്ലാ മതങ്ങളേയും ഉൾപ്പെടുത്തണമെന്നും ഉദ്യോഗസ്ഥരോട് എംപി നിർദേശിച്ചു. ഭൂമി പൂജ തടഞ്ഞതിന് ശേഷം പദ്ധതിയുടെ ഉദ്ഘാടനം എംപി നിർവഹിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam