ബിഹാര്‍ തെരഞ്ഞെടുപ്പ് ചൂടിൽ, പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

By Web TeamFirst Published Oct 26, 2020, 7:09 AM IST
Highlights

243 സീറ്റുള്ള നിയസഭയിലേക്ക് മൂന്ന് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുന്നത്.പ്രചാരണരംഗത്തടക്കം പ്രതിഷേധമുയരുമ്പോള്‍ നാലാം വട്ടവും മുഖ്യമന്ത്രിക്കസേരയിലിരിക്കാമെന്ന പ്രതീക്ഷയിലാണ് നിതീഷ് കുമാര്‍. 

പറ്റ്ന: ബിഹാര്‍ നിയമസഭയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ആദ്യ ഘട്ടത്തിൽ 71 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. 243 സീറ്റുള്ള നിയസഭയിലേക്ക് മൂന്ന് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുന്നത്.

പ്രചാരണരംഗത്തടക്കം പ്രതിഷേധമുയരുമ്പോള്‍ നാലാം വട്ടവും മുഖ്യമന്ത്രിക്കസേരയിലിരിക്കാമെന്ന പ്രതീക്ഷയിലാണ് നിതീഷ് കുമാര്‍. സഖ്യകക്ഷികള്‍ വിട്ടുപോയെങ്കിലും ജനവിധി അനുകൂലമെന്ന ആത്മവിശ്വാസത്തിലാണ് തേജസ്വി യാദവ്. ലാലുപ്രസാദ് യാദവ് ജയിലിലാണെങ്കിലും ലാലു പ്രഭാവം ഉയര്‍ത്തിയല്ല മഹാസഖ്യം വോട്ട് തേടുന്നതെന്നത്  ശ്രദ്ധേയമാണ്. ലാലുപ്രസാദ് യാദവിന്‍റെയും, റാബ്രിദേവിയുടെയും ചിത്രം ഒഴിവാക്കി തേജസ്വി തന്നെ ഫ്ലക്സുകളില്‍ നിറയുമ്പോള്‍ ആര്‍ജെഡി മുന്‍പില്ലാത്ത ആത്മവിശ്വാസത്തിലാണ്.

ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും, രാഷ്ട്രീയ ലോക്സമത പാര്‍ട്ടിയും സഖ്യം വിട്ടത് തിരിച്ചടിയായി. എന്നാല്‍  സിപിഐഎംഎല്‍ അടക്കമുള്ള ഇടത് പാർട്ടികളുടെ സാന്നിധ്യം ദളിത് പിന്നാക്ക മേഖലകളില്‍ ഗുണം ചെയ്തേക്കുമെന്നാണ് പ്രതീക്ഷ. നിതീഷ് കുമാറിനോടിടഞ്ഞ ചിരാഗ് പാസ്വാന്‍ പിടിക്കുന്ന വോട്ടുകളും ഇക്കുറി ഏറെ നിര്‍ണ്ണായകമാകും. 

click me!