എതിരാളികളെ അപ്രസക്തമാക്കിയ വിജയം; ബിഹാറും പിടിച്ച് ബിജെപി

By Web TeamFirst Published Nov 11, 2020, 4:17 AM IST
Highlights

കോണ്‍ഗ്രസും പിന്നീട് സോഷ്യലിസ്റ്റ് പാര്‍ട്ടികളും ഏറെക്കാലം അടക്കിവാണ ബിഹാര്‍ ബിജെപിയുടെ പൂര്‍ണ നിയന്ത്രണത്തിലേക്കാകുന്നതിന്റെ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം.
 

പട്‌ന: ബിഹാറില്‍ ജെഡിയുവിന്റെയും നിതീഷ് കുമാറിന്റെയും നിഴലില്‍ നിന്ന് മുക്തി നേടി ബിജെപി. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റകക്ഷിയായി മാറി ജെഡിയുവിനെയും നിതീഷിനെയും അപ്രസക്തമാക്കുന്ന വിജയമാണ് ബിജെപി നേടിയത്. 2015ല്‍ ജെഡിയുവിന്റെ സഹായമില്ലാതെ തന്നെ 53 സീറ്റില്‍ വിജയിച്ച് കരുത്ത് കാട്ടിയ ബിജെപി, ഇക്കുറി 74 സീറ്റുകള്‍ നേടി ആര്‍ജെഡിക്ക് തൊട്ടുപിന്നില്‍ സ്ഥാനം പിടിച്ചു. കഴിഞ്ഞ തവണ 71 സീറ്റുകള്‍ നേടിയ ജെഡിയു വെറും 43 സീറ്റില്‍ ഒതുങ്ങുകയും ചെയ്തു. ഭരണം നിലനിര്‍ത്താനായെങ്കിലും ജെഡിയുവിന്റേതും നിതീഷ് കുമാറിന്റെയും വിജയത്തിന് തിളക്കം കുറഞ്ഞത് ബിഹാറിലുണ്ടാക്കുന്ന രാഷ്ട്രീയ മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് വരും ദിവസങ്ങളില്‍ അറിയാം. 

2015ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 21 സീറ്റിന്റെ അധിക നേട്ടമാണ് ബിജെപിക്കുണ്ടായത്. അതേസമയം, 28 സീറ്റുകള്‍ ജെഡിയുവിന് നഷ്ടപ്പെട്ടു. 19.4 ശതമാനം വോട്ടുവിഹിതമാണ് ബിജെപിക്കുള്ളത്. ജെഡിയുവിന്റെ വോട്ടുവിഹിതം 15.4 ശതമാനത്തിലേക്കൊതുങ്ങി. ചിരാഗ് പാസ്വാന്റെ എല്‍ജെപി ഇടഞ്ഞതാണ് ജെഡിയുവിന് കനത്ത തിരിച്ചടിയായത്. ജെഡിയുവിനെയും മുഖ്യമന്ത്രി നിതീഷ് കുമാറിനെയും പരസ്യമായി എതിര്‍ത്ത് മുന്നണി വിട്ട ചിരാഗ് പാസ്വാന്‍ ബിജെപിക്ക് അനുകൂലമായി നിലപാടെടുക്കുകയും ചെയ്തു. ജെഡിയു മത്സരിച്ച മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ജെപി മത്സരിക്കുകയും വോട്ട് ഭിന്നിപ്പിക്കുകയും ചെയ്‌തെന്നാണ് വിലയിരുത്തല്‍. അതേസമയം ബിജെപി മത്സരിച്ച മണ്ഡലങ്ങളില്‍ എല്‍ജെപി പൂര്‍ണ പിന്തുണയും നല്‍കി. ചിരാഗ് പാസ്വാന്റെ ജെഡിയു വിരുദ്ധ നിലപാടിനെ ബിജെപി തള്ളിപ്പറഞ്ഞില്ല എന്നതും ശ്രദ്ധേയം. 

തെരഞ്ഞെടുപ്പിന് മുമ്പേ ബിഹാറില്‍ എന്‍ഡിഎ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി നിതീഷ് കുമാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള പ്രമുഖര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, പാര്‍ട്ടിയുടെ പ്രകടനം മോശമായ സാഹചര്യത്തില്‍ നിതീഷ് കുമാര്‍ സ്ഥാനത്ത് തുടരുമോ എന്നത് കണ്ടറിയണം. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം അധികാരം പങ്കിടലില്‍ ബിജെപിയുടെ നിലപാടിനായിരിക്കും മുന്‍തൂക്കം. തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് അധികം സ്വാധീനമില്ലാതിരുന്ന ബിഹാറിലും ബിജെപി പിടിമുറുക്കുകയാണെന്നതിന്റെ കൃത്യമായ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം.

കോണ്‍ഗ്രസും പിന്നീട് സോഷ്യലിസ്റ്റ് പാര്‍ട്ടികളും ഏറെക്കാലം അടക്കിവാണ ബിഹാര്‍ ബിജെപിയുടെ പൂര്‍ണ നിയന്ത്രണത്തിലേക്കാകുന്നതിന്റെ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം. ബിഹാറിലെ നേട്ടം നടക്കാന്‍ പോകുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളെ നേരിടാന്‍ ബിജെപിക്ക് ഊര്‍ജമാകും. 

click me!