കേവല ഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റുകൾ; നൂറ് സീറ്റിൽ ലീഡ് പിടിച്ച് മഹാസഖ്യം

By Web TeamFirst Published Nov 10, 2020, 8:53 AM IST
Highlights

ബിഹാർ നിയമസഭയിൽ തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യം മികച്ച ലീഡ് നിലനിർത്തുന്നു

പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മഹാസഖ്യത്തിന് ശുഭസൂചന. 243 അംഗ ബിഹാർ നിയമസഭയിലെ പകുതിയിലേറെ സീറ്റുകളിലെ ലീഡ് നില വ്യക്തമാകുമ്പോൾ 102 സീറ്റുകളിൽ മഹാസഖ്യവും 59 സീറ്റുകളിൽ എൻഡിഎയും മുന്നിട്ട് നിൽക്കുകയാണ്.

രാവിലെ 8.50-ലെ സീറ്റ് നിലയാണിത്. വോട്ടെണ്ണൽ തുടങ്ങുമ്പോൾ ഒരു മണിക്കൂർ പിന്നിടും മുൻപേ നൂറിലേറെ സീറ്റുകളിൽ മഹാസഖ്യം ലീഡ് പിടിച്ചതോടെ പാറ്റ്നയിലെ തേജസ്വി യാദവിൻ്റെ വീടിന് മുന്നിൽ ആർജെഡി പ്രവർത്തകർ ആഘോഷം ആരംഭിച്ചിട്ടുണ്ട്. 

79 സീറ്റുകളിലാണ് ആർജെഡി ലീഡ് ചെയ്യുന്നത്. കോണ്ഗ്രസ് 16 സീറ്റിലും 7 സീറ്റുകളിൽ ഇടതുപാർട്ടികളും ലീഡ് ചെയ്യുന്നു. എൻഡിഎയിലേക്ക് വരുമ്പോൾ ജെഡിയുവിനേക്കാൾ സീറ്റുകളിൽ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. ബിജെപി 31 സീറ്റിലും ജെഡിയു 27 സീറ്റിലും വിഐപി പാർട്ടി ഒരു സീറ്റിലും ലീഡ് ചെയ്യുന്നു.

ഏഴ് കോടി വോട്ടർമാരാണ് ബിഹാർ തെരഞ്ഞെടുപ്പിൽ ഇക്കുറി വോട്ട് ചെയ്തത്. 243 അംഗ ബിഹാർ നിയമസഭയിൽ 122 ആണ് അധികാരം നേടാൻ വേണ്ട മാന്ത്രികസംഖ്യ. എൻഡിഎയിൽ ജെഡിയു  115 സീറ്റിലും, ബിജെപി 110 സീറ്റിലും മുകേഷ് സഹാനിയുടെ വിഐപി പാർട്ടി 11 സീറ്റിലും ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച ഏഴ് സീറ്റിലുമാണ് ഭരിച്ചത്.

നിതീഷുമായുള്ള ഭിന്നതയെ തുടർന്ന് ഒറ്റയ്ക്ക് മത്സരിക്കുന്ന ചിരാഗ് പാസ്വാൻ്റെ ലോക് ജനശക്തി പാർട്ടി 134 സീറ്റിലാണ് മത്സരിക്കുന്നത്. മഹാസഖ്യത്തിൽ 144 സീറ്റുകളിൽ തേജസ്വി യാദവ് നയിക്കുന്ന ആർജെഡി മത്സരിക്കുമ്പോൾ കോൺ​ഗ്രസ് 70 സീറ്റിലും സിപിഐഎംഎൽ 19 സീറ്റിലും സിപിഐ ആറ് സീറ്റിലും സിപിഎം നാല് സീറ്റിലും മത്സരിക്കുന്നു. 
 

click me!