
ബെംഗളൂരു: ഗൂഗിൾ മാപ്പ് നോക്കി ഗോവയിലേയ്ക്ക് പോയ കുടുംബം കാടിനുള്ളിൽ കുടുങ്ങി. ബീഹാറിൽ നിന്ന് ഗോവയിലേക്ക് പോയ കുടുംബമാണ് കാടിനുള്ളിൽ അകപ്പെട്ടത്. കർണാടകയിലെ ബെലഗാവി ജില്ലയിലുള്ള ഖാനാപൂരിലെ ഭീംഗഡ് വനമേഖലയിൽ ഒരു രാത്രി മുഴുവൻ കുടുംബത്തിന് കാറിനുള്ളിൽ കഴിയേണ്ടി വന്നു.
ഗൂഗിൾ മാപ്പ് ഷിരോലിക്കും ഹെമ്മദാഗയ്ക്കും സമീപമുള്ള വനത്തിലൂടെ ഒരു ചെറിയ വഴിയിലേയ്ക്ക് കുടുംബത്തെ നയിക്കുകയായിരുന്നു. അപകടസാധ്യതകളെക്കുറിച്ച് അറിയാതെ കുടുംബം എട്ട് കിലോ മീറ്ററോളം ഉള്ളിലേയ്ക്ക് പോയി. ദുർഘടമായ ഭൂപ്രദേശത്തിലൂടെയുള്ള യാത്രയ്ക്കിടെ മൊബൈൽ നെറ്റ്‌വർക്ക് കവറേജും നഷ്ടമായതോടെ കുടുംബം പരിഭ്രാന്തരായി. വനത്തിൽ നിന്ന് പുറത്തുകടക്കാനുള്ള വഴി വ്യക്തമാകാതെ വന്നതോടെ കാറിൽ രാത്രി ചെലവഴിക്കാൻ കുടുംബം നിർബന്ധിതരാകുകയായിരുന്നു.
പുലർച്ചെ മൊബൈൽ നെറ്റ്‌വർക്ക് കവറേജുള്ള ഒരു ലൊക്കേഷൻ കണ്ടെത്താനായി കുടുംബത്തിന് 4 കിലോ മീറ്റർ നടക്കേണ്ടി വന്നു. എമർജൻസി ഹെൽപ്പ്‌ലൈനുമായി ബന്ധപ്പെടാൻ സാധിച്ചതോടെയാണ് കുടുംബത്തിന് വനത്തിൽ നിന്ന് പുറത്തുകടക്കാനുള്ള വഴി തെളിഞ്ഞത്. ലോക്കൽ പൊലീസ് വളരെ വേഗത്തിൽ രക്ഷാപ്രവർത്തനം നടത്തുകയും ഒറ്റപ്പെട്ടുപോയ കുടുംബത്തെ കണ്ടെത്തി സുരക്ഷിതമായി വനത്തിന് പുറത്തെത്തിക്കുകയും ചെയ്തു. കഴിഞ്ഞ മാസം, ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ ഗൂഗിൾ മാപ്പ് നോക്കി പോയ കാർ നിർമ്മാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് നദിയിലേയ്ക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചിരുന്നു.
READ MORE: മടയിൽ കയറി ഒറ്റയാൻ്റെ ആക്രമണം: ആനത്താവളത്തിൽ കുങ്കിയാനയെ കുത്തിവീഴ്ത്തി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam