Bipin Rawat Death : ഇന്ത്യൻ സേനക്ക് തീരാനഷ്ടം, തദ്ദേശീയ സേനയെ വാര്‍ത്തെടുക്കാനുള്ള പദ്ധതികളെ ബാധിക്കും

By Web TeamFirst Published Dec 9, 2021, 6:42 AM IST
Highlights

ചരിത്രത്തിൽ ആദ്യമായി നാവിക സേന കൂടി പങ്കെടുത്ത സൈനിക അഭ്യാസം ജമ്മുകശ്മീരിലെ കുപ്പുവാരയിൽ നടത്തിയത് അടുത്ത കാലത്ത് ജനറൽ റാവത്തിന്‍റെ പദ്ധതി പ്രകാരമായിരുന്നു. 

ദില്ലി: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്‍റെ (CDS Bipin Rawat) മരണം ഇന്ത്യൻ സേനക്ക് പുതിയ മുഖം നൽകാനുള്ള പദ്ധതികൾ നടപ്പാക്കുന്നതിനിടയില്‍. കോളനികാല ആചാരങ്ങൾ മാറ്റിയെഴുതി തദ്ദേശീയമായി സേനയെ വാര്‍ത്തെടുക്കാനുള്ള പദ്ധതിക്ക് ജനറൽ ബിപിൻ റാവത്ത് തുടക്കമിട്ടിരുന്നു. സൈന്യത്തിൽ അടിമുടി മാറ്റം, ആയുധ സംഭരണത്തിന് പുതിയ പദ്ധതികൾ, ദുരന്ത നിവാരണത്തിനായി സൈന്യത്തിന്‍റെ ഏകോപനം, അന്താരാഷ്ട്ര സഹകരണം മെച്ചപ്പെടുത്തൽ, തന്ത്രപ്രധാന സൈനിക നീക്കങ്ങളിലെ ഏകോപനം, ഒപ്പം സാധാരണ പട്ടാളക്കാര്‍ക്കിടയിൽ വിശ്വാസവും ആത്മധൈര്യവും വളര്‍ത്തിയെടുക്കാനും പുതുതലമുറയെ സൈന്യത്തിലേക്ക് അടുപ്പിക്കാനും നടപടികൾ തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങൾ സംയുക്ത സേനാ മേധാവി ഏറ്റെടുത്തിരുന്നു. 

ഇത്തരം പ്രവര്‍ത്തനങ്ങളിൽ ജനറൽ ബിപിൻ റാവത്തിനെ പോലെ ആവേശത്തോടെ മുന്നോട്ട് പോകുന്ന പട്ടാള ഉദ്യോഗസ്ഥന്‍റെ സാന്നിധ്യം കേന്ദ്ര സര്‍ക്കാരിന് നേട്ടമായിരുന്നു. സൈന്യത്തിന്‍റെ സംയുക്ത പരിശീലനത്തിനും റാവത്ത് പ്രത്യേക ശ്രദ്ധ നൽകി. ചരിത്രത്തിൽ ആദ്യമായി നാവിക സേന കൂടി പങ്കെടുത്ത സൈനിക അഭ്യാസം ജമ്മുകശ്മീരിലെ കുപ്പുവാരയിൽ നടത്തിയത് അടുത്ത കാലത്ത് ജനറൽ റാവത്തിന്‍റെ പദ്ധതി പ്രകാരമായിരുന്നു. പാക്ക്-ചൈന അതിര്‍ത്തിയിലെ പുതിയ വെല്ലുവിളികളെ നേരിടാനുള്ള നൂതന പരിശീലന രീതികളിലേക്കും സൈന്യം നീങ്ങിയിരുന്നു. തൽക്കാലത്തേക്കെങ്കിലും അത്തരം നീക്കങ്ങൾക്ക് തിരിച്ചടിയാണ് ബിപിൻ റാവത്തിന്‍റെ വിയോഗം. കരസേന മേധാവിയിൽ നിന്ന് വിരമിച്ച ശേഷമാണ് ശേഷമാണ് ബിപിൻ റാവത്ത് സംയുക്ത സേനാ മേധാവിയായത്. പുതിയ സംയുക്ത സേനാ മേധാവിയായി നിലവിലുള്ള മൂന്ന് സേനകളുടെ തലവന്മാരെയാണോ, വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥരെയാണോ നിയമിക്കുക എന്നറിയാൻ കുറച്ചുകൂടി കാത്തിരിക്കണം.

click me!