Birbhum Violence: മമത ബാനർജി രാംപൂർഹട്ടിൽ; മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ സഹായധനം

Published : Mar 24, 2022, 02:25 PM IST
Birbhum Violence: മമത ബാനർജി രാംപൂർഹട്ടിൽ;  മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ സഹായധനം

Synopsis

സർക്കാരിനെതിരെ പ്രതിപക്ഷ  പാർട്ടികൾ പ്രതിഷേധം കടുപ്പിക്കുന്ന സാഹചര്യത്തിലായിരുന്നു  സന്ദർശനം. കുറ്റവാളികളെ  വെറുതെ വിടില്ലെന്ന് മമത ബാനർജി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ സഹായധനം നൽകും. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും മമത പറഞ്ഞു. 

കൊൽക്കത്ത:  സംഘർഷത്തിൽ 8 പേർ കൊല്ലപ്പെട്ട  രാംപൂർഹട്ടിൽ (Birbhum Violence) പശ്ചിമബം​ഗാൾ  മുഖ്യമന്ത്രി മമതാ ബാനർജി (Mamata Banerjee)  സന്ദർശനം നടത്തി. സർക്കാരിനെതിരെ പ്രതിപക്ഷ  പാർട്ടികൾ പ്രതിഷേധം കടുപ്പിക്കുന്ന സാഹചര്യത്തിലായിരുന്നു  സന്ദർശനം. കുറ്റവാളികളെ  വെറുതെ വിടില്ലെന്ന് മമത ബാനർജി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ സഹായധനം നൽകും. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും മമത പറഞ്ഞു. 

കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയും ഇന്ന് രാംപൂർഹട്ടിലെത്തും. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത കൽക്കട്ട ഹൈക്കോടതി, തെളിവുകൾ സുരക്ഷിതമാക്കാൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും സാക്ഷിക്ക് സംരക്ഷണം നൽകണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഘർഷം നടത്തിയ 22 പേരാണ് ഇതുവരെ അറസ്റ്റിലായത് . അക്രമത്തിൽ പങ്കുള്ള കൂടുതൽ പേർക്കായി തെരച്ചിൽ നടത്തുന്നുണ്ടെന്ന് ബംഗാൾ പൊലീസ് അറിയിച്ചു. സംഘർഷത്തെക്കുറിച്ച്   ബംഗാൾ സർക്കാർ ഉടൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറും.

രാംപൂർഹാട്ടിലെ ബിര്‍ഭൂമിലുണ്ടായ സംഘര്‍ഷത്തില്‍ മമത സർക്കാരിനെതിരായ വിമർശനം ശക്തമാക്കുകയാണ് പ്രതിപക്ഷ പാർട്ടികള്‍. സംഘര്‍ഷമേഖലകള്‍ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിന്‍‍റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. എന്നാല്‍ വീടുകള്‍ അഗ്നിക്കിരയാക്കിയ സ്ഥലത്തേക്ക് നേതാക്കളെ പൊലീസ് പ്രവേശിപ്പിച്ചില്ല. പിന്നാലെ പൊലീസും പിബി അംഗം ബിമന്‍ ബോസും അടക്കമുള്ള പ്രതിനിധി സംഘവും തമ്മില്‍ തർ‍ക്കമുണ്ടായി

വസ്തുതാ അന്വേഷണത്തിനായി ബിജെപി കേന്ദ്ര നേതൃത്വം യുപി മുൻ ഡിജിപിയും എംപിയുമായ ബ്രജ്‍ലാലിന്‍റെ നേതൃത്വത്തിലുള്ള അഞ്ച് അംഗ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. സംഘർഷത്തെ കുറിച്ച്  അന്വേഷിക്കാന്‍ ബംഗാള്‍  പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം രാംപൂര്‍ഹട്ടിലെത്തിയിരുന്നു . ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. എന്നാല്‍ അന്വേഷണ സംഘത്തിന് വിശ്വാസ്യതയില്ലെന്ന് ബംഗാള്‍ ഗവർണര്‍ ജഗ്ദീപ് ധാൻകര്‍ കുറ്റപ്പെടുത്തി. അതിക്രമം നടക്കുമ്പോള്‍ തനിക്ക് നോക്കി നില്‍ക്കാനാകില്ലെന്നും മമതക്കുള്ള മറുപടിയായി ഗവർണര്‍ പറഞ്ഞു. ബാലാവകാശ കമ്മീഷനും വിഷയത്തില്‍ ബംഗാള്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തരമന്ത്രാലയം

സംഘര്‍ഷത്തില്‍ ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. നടപടി ആവശ്യപ്പെട്ട് ബംഗാൾ ബിജെപി എംപിമാർ അമിത് ഷായെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം റിപ്പോര്‍ട്ട് തേടിയത്. പശ്ചിമ ബംഗാളിലെ ബിർഭുമിലുണ്ടായ രാഷ്ട്രീയ സംഘർഷത്തില്‍ എട്ടുപേരാണ് കൊല്ലപ്പെട്ടത്. ഒരു കുടുംബത്തിലെ 7 പേര്‍ അടക്കമാണ് കൊല്ലപ്പെട്ടത്. കത്തിക്കരഞ്ഞ നിലയിലാണ് എട്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.  തൃണമൂൽ കോൺഗ്രസിലെ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളാണ്  സംഘർഷത്തിന് പിന്നിലെന്നാണ് സൂചന. 

സംഭവുമായി ബന്ധപ്പെട്ട് പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തതായി ബംഗാള്‍ ഡിജിപി മനോജ് മാളവ്യ പറഞ്ഞു. എട്ടുപേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതെന്ന് ഡിജിപി സ്ഥിരീകരിച്ചു. നേരത്തെ പത്തുപേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു പുറത്തുവന്ന വിവരം. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ സബ് ഡിവിഷണൽ പൊലീസ് ഓഫീസറെയും രാംപൂർഘട്ടിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥനെയും നീക്കി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ബാദു ഷെയ്ഖിന്‍റെ കൊലപാതകത്തിന് പിന്നാലെയാണ് സംഘ‍ർഷം ഉണ്ടായത്. ഇന്നലെ രാത്രിയാണ് ഭര്‍ഷാര്‍ ഗ്രാമത്തിലെ പഞ്ചായത്ത് പ്രധാനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ബാദു ഷെയ്ഖ് കൊല്ലപ്പെട്ടത്.

മുപ്പത്തിയെട്ട് വയസ് മാത്രം പ്രായമുള്ള ബാദു ഷെയ്ഖ് ഈ മേഖലയിലെ പ്രമുഖ നേതാവായിരുന്നു. തിങ്കളാഴ്ച്ച വൈകുന്നേരം ചായക്കടയില്‍ ഇരുന്ന ഇയാള്‍ക്കെതിരെ അക്രമി സംഘം പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ബാദു ഷെയ്ഖിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ശാന്തി' ബില്ലിന് അം​ഗീകാരം നൽകി കേന്ദ്രമന്ത്രി സഭ, ആണവോർജ രം​ഗത്തും സ്വകാര്യ നിക്ഷേപം വരുന്നു
വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന ആശങ്ക, മുൾമുനയിൽ മുംബൈ മഹാനഗരം; നവംബർ ഒന്ന് മുതൽ ഡിസംബർ ആറ് വരെ 82 കുട്ടികളെ കാണാതായെന്ന വാർത്തയിൽ ഭയന്ന് ജനം