പക്ഷിപ്പനി: എട്ട് സംസ്ഥാനങ്ങളിൽ ജാ​ഗ്രത നിർദ്ദേശം; നിരീക്ഷണത്തിന് ദില്ലിയില്‍ കണ്‍ട്രോള്‍ റൂം

By Web TeamFirst Published Jan 6, 2021, 6:32 PM IST
Highlights

കേരളത്തിന് പുറമെ രാജസ്ഥാന്‍ ,  ഹിമാചല്‍, ഗുജറാത്ത് അടക്കമുള്ള  സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എട്ട് സംസ്ഥാനങ്ങളിലായി പനി പടരുന്ന 12 പ്രധാന സ്ഥലങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ദില്ലി: പക്ഷിപനി പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ദേശാടന പക്ഷികളാണ് പക്ഷിപനിക്ക് കാരണമെന്ന്  മൃഗസംരക്ഷ വകുപ്പ് മന്ത്രി ഗിരിരാജ് സിങ് പറഞ്ഞു. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ദില്ലിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു.

കേരളത്തിന് പുറമെ രാജസ്ഥാന്‍ ,  ഹിമാചല്‍, ഗുജറാത്ത് അടക്കമുള്ള  സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എട്ട് സംസ്ഥാനങ്ങളിലായി പനി പടരുന്ന 12 പ്രധാന സ്ഥലങ്ങളും കണ്ടെത്തിയിട്ടുണ്ട്.  പത്ത് ദിവസത്തിനുള്ളില്‍ രാജ്യത്ത് ലക്ഷക്കണക്കിന് പക്ഷികള്‍ ചത്തതായാണ് കണക്ക്. ഇതില്‍ കൂടുതലും ദേശാടന പക്ഷികളാണ്. 

Read Also: പക്ഷിപ്പനി കൊണ്ടുവന്നത് ദേശാടന പക്ഷി; 44883 പക്ഷികളെ കൂട്ടത്തോടെ കൊന്നു; കെ രാജു
 

മധ്യപ്രദേശിൽ നാനൂറോളം കാക്കകൾ ചത്തതിനെ തുടർന്ന് നടത്തിയ പരിശോധനയില്‍ പ്രദേശത്ത് പക്ഷിപ്പനിയുള്ളതായി സ്ഥിരീകരിച്ചു. രോഗ  നിയന്ത്രണത്തിന് എല്ലാ നടപടികളും അടിയന്തരമായി സ്വീകരിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.   ജീവഹാനി സംഭവിക്കുന്ന വന്യ മൃഗങ്ങളുടെ കണക്ക് അറിയിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര പരിസ്ഥിതി  മന്ത്രാലയവും നിർദേശിച്ചു.  ആശങ്കപ്പെടേണ്ടെന്നും എന്നാല്‍ മുട്ടയും ഇറച്ചിയും നന്നായി പാചകം ചെയ്ത ശേഷമേ കഴിക്കാവൂ എന്നും കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് മന്ത്രി ഗിരിരാജ് സിങ് പറഞ്ഞു. 

പക്ഷിപ്പനിയെ തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും ഇറച്ചിയും മുട്ടയും വില്‍ക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.  മറ്റ് സംസ്ഥാനങ്ങൾ അതിര്‍ത്തികളില്‍ പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്.

click me!