കോണ്‍ഗ്രസ് മുഴുവന്‍ കാലുമാറി; സീറ്റില്ലാത്ത ജില്ലാ കൗണ്‍സിലില്‍ ബിജെപിക്ക് വന്‍ ഭൂരിപക്ഷത്തോടെ ഭരണം

By Web TeamFirst Published Jun 26, 2019, 8:35 PM IST
Highlights

2017ലാണ് മറാ സ്വയംഭരണ ജില്ല കൗണ്‍സിലിലേക്ക്(എം എ ഡി സി) തെരഞ്ഞെടുപ്പ് നടന്നത്. മൊത്തം 25 സീറ്റില്‍ 17 സീറ്റിലും കോണ്‍ഗ്രസ് വിജയിച്ചിരുന്നു.

ഐസ്വാള്‍: തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും ജയിക്കാനാകാത്ത ബി ജെ പി, ഭരണകക്ഷിയായ കോണ്‍ഗ്രസ് അംഗങ്ങള്‍ കാലുമാറിയതിനെ തുടര്‍ന്ന് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ജില്ല കൗണ്‍സില്‍ പിടിച്ചെടുത്തു. മിസോറാമിലെ മറാ സ്വയംഭരണ ജില്ലാ കൗണ്‍സിലിലാണ് ബി ജെ പി അധികാരത്തിലേറിയത്. ജില്ല കൗണ്‍സില്‍ ഭരണകക്ഷിയായ  20 കോണ്‍ഗ്രസ് അംഗങ്ങള്‍ ബി ജെ പിയിലേക്ക് ചേക്കേറിയതോടെയാണ് ഭരണം ബി ജെ പിക്ക് സ്വന്തമായത്. ബി ജെ പിയിലേക്ക് ചേക്കേറിയവരില്‍ മൂന്ന് അംഗങ്ങളെ നാമനിര്‍ദേശം ചെയ്തതാണ്.

കോണ്‍ഗ്രസ് നേതാവായിരുന്ന എന്‍ സകായിയുടെ നേതൃത്വത്തില്‍ കൗണ്‍സില്‍ പാര്‍ട്ടി രൂപീകരിക്കുമെന്നും സര്‍ക്കാരിനോട് ഭൂരിപക്ഷം അവകാശപ്പെടുമെന്നും ബി ജെ പി സംസ്ഥാന നേതാവ് ജെ വി ലുന പറഞ്ഞു. 2017ലാണ് മറാ സ്വയംഭരണ ജില്ല കൗണ്‍സിലിലേക്ക്(എം എ ഡി സി) തെരഞ്ഞെടുപ്പ് നടന്നത്. മൊത്തം 25 സീറ്റില്‍ 17 സീറ്റിലും കോണ്‍ഗ്രസ് വിജയിച്ചു. എട്ട് സീറ്റില്‍ എം എന്‍ എഫ്-എം ഡി എഫ് സഖ്യം വിജയിച്ചു. മൂന്ന് പേരെ കോണ്‍ഗ്രസ് കൗണ്‍സിലിലേക്ക് നോമിനേറ്റ് ചെയ്തു. എന്നാല്‍ ഇപ്പോള്‍, പൂജ്യം നിലയില്‍നിന്ന് 22 സീറ്റോടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി ബി ജെ പി അധികാരത്തിലേറിയിരിക്കുകയാണ്. 

ഭരണഘടന ഭേദഗതി പ്രകാരം ജില്ല കൗണ്‍സിലുകള്‍ക്ക് കൂടുതല്‍ സ്വയംഭരണാധികാരവും നേരിട്ട് കേന്ദ്ര ഫണ്ട് ലഭ്യമാകുന്നതുമാണ് കോണ്‍ഗ്രസ് അംഗങ്ങളെ ബി ജെ പിയില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാവായിരുന്ന സകായി പറഞ്ഞു. ബി ജെ പി- എം എന്‍ എഫ് സഖ്യമാണ് ഇപ്പോള്‍ മിസോറാം ഭരിക്കുന്നത്.

click me!