
ബെംഗളൂരു: കർണാടക നിയമസഭയിൽ കോൺഗ്രസിന്റെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്കെതിരെ അടിയന്തര പ്രമേയം കൊണ്ടുവന്ന് ബിജെപി. അഞ്ച് വാഗ്ദാനങ്ങളും സൗജന്യങ്ങളുടെ വിതരണം ആണെന്നും ഇത് സംസ്ഥാനത്തെ കടക്കെണിയിൽ ആക്കുമെന്നും ആരോപിച്ചാണ് അടിയന്തര പ്രമേയം. അതേസമയം, പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. തുടർന്ന് ബിജെപി എംഎൽഎമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. നേരത്തെ കേന്ദ്രത്തിൻ്റെ നിസ്സഹകരണം മൂലം സർക്കാരിൻ്റെ അന്നഭാഗ്യ പദ്ധതി നടപ്പിലായിരുന്നില്ല.
കേന്ദ്രസർക്കാർ കൂടുതൽ അരി നൽകാത്തതിനാൽ കർണാടകയിലെ കോൺഗ്രസ് സർക്കാരിന്‍റെ 'അന്നഭാഗ്യ' പദ്ധതി അനിശ്ചിതത്വത്തിലാണ്. നേരത്തേ പ്രഖ്യാപിച്ചത് പോലെ ജൂലൈ 1-ന് പദ്ധതി തുടങ്ങാനായില്ല. ഒരു മാസം വൈകിയിട്ടാണെങ്കിലും പദ്ധതി നടപ്പാക്കുമെന്നാണ് മന്ത്രിമാർ പറയുന്നത്. ബിപിഎൽ കുടുംബങ്ങളിലെ ഓരോ അംഗങ്ങൾക്കും പത്ത് കിലോ വീതം അരി ഉറപ്പ് നൽകുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്‍റെ വമ്പൻ വാഗ്ദാനം. തെരഞ്ഞെടുപ്പിൽ നഗരങ്ങളിലെ പിന്നാക്കമേഖലകളിൽ നിന്നടക്കം കോൺഗ്രസിന് വൻ പിന്തുണ കിട്ടിയ വാഗ്ദാനമായിരുന്നു ഇത്.
താനായിരുന്നെങ്കിൽ ഭീഷണിക്ക് വഴങ്ങുമായിരുന്നില്ല; സിദ്ധരാമയ്യയ്ക്ക് എതിരെ ഒളിയമ്പുമായി ഡികെ ശിവകുമാർ
കേന്ദ്രത്തിന്‍റെ അഞ്ച് കിലോയ്ക്ക് പുറമേ സംസ്ഥാനസർക്കാരിന്‍റെ വക 5 കിലോ എന്ന വാഗ്ദാനം നടപ്പാക്കാൻ പ്രതിമാസം 4.45 ലക്ഷം മെട്രിക് ടൺ അരി വേണം. പതിനായിരം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കേന്ദ്രത്തിൽ നിന്ന് വാങ്ങുന്നതും സ്വന്തമായി ഉത്പാദിപ്പിക്കുന്നതും ചേർത്ത് കർണാടകയ്ക്ക് ഇപ്പോൾ 2.17 ലക്ഷം മെട്രിക് ടൺ അരി കിട്ടുന്നുണ്ട്. ഇതിൽ കൂടുതൽ ഒരു വിഹിതം പോലും തരാൻ കഴിയില്ലെന്നാണ് കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി കെ എച്ച് മുനിയപ്പയെ അറിയിച്ചത്. ഇതോടെ ബാക്കി 2.28 ലക്ഷം മെട്രിക് ടൺ അരി എവിടെ നിന്ന് വാങ്ങുമെന്നറിയാതെ നട്ടം തിരിയുകയാണ് സർക്കാർ. ഇതോടെ ജൂലൈ 1-ന് പദ്ധതി നടപ്പാക്കാനായില്ല.
പുതിയ രാഷ്ട്രീയ സമവാക്യം?; വൈ എസ് ശർമിള ഡി കെ ശിവകുമാറിനെ കണ്ടു