രാജ്യസഭയിലും ഭൂരിപക്ഷം ഉറപ്പിക്കാന്‍ ബിജെപി; ലക്ഷ്യം കേന്ദ്രത്തില്‍ സമ്പൂര്‍ണ ആധിപത്യം

By Web TeamFirst Published Jul 26, 2019, 7:16 AM IST
Highlights

നിലവിൽ ആകെ അംഗസംഖ്യ 240. എൻഡിഎ- 114, കോൺഗ്രസ് ഉൾപ്പെടുന്ന ഐക്യപ്രതിപക്ഷം- 108. മറ്റുള്ളവർക്ക്- 18 എന്നിങ്ങനെയാണ് കക്ഷിനില. 
121 പേരുടെ പിന്തുണയുണ്ടെങ്കിൽ ഭൂരിപക്ഷമുറപ്പിക്കാം.

ദില്ലി: രാജ്യസഭയിലെ സമവാക്യങ്ങൾ മാറ്റി, പ്രതീക്ഷിച്ചതിലും നേരത്തെ ഭൂരിപക്ഷം ഉറപ്പാക്കാന്‍ ബിജെപി. രാജ്യസഭയിലും ഭൂരിപക്ഷം ലഭിക്കുന്നതോടെ കേന്ദ്രത്തിൽ നരേന്ദ്രമോദി സമ്പൂർണ ആധിപത്യമാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. പ്രാദേശിക പാർട്ടികളുടെ പിന്തുണ ഉറപ്പാക്കിയാല്‍ രാജ്യസഭയിലും അടുത്തവർഷം എൻഡിഎക്ക് മേധാവിത്തം ലഭിക്കും. നിലവിൽ ആകെ അംഗസംഖ്യ 240. എൻഡിഎ- 114, കോൺഗ്രസ് ഉൾപ്പെടുന്ന ഐക്യപ്രതിപക്ഷം- 108. മറ്റുള്ളവർക്ക്- 18 എന്നിങ്ങനെയാണ് കക്ഷിനില. അതായത്, 121 പേരുടെ പിന്തുണയുണ്ടെങ്കിൽ  ഭൂരിപക്ഷമുറപ്പിക്കാം.

ചില പാർട്ടികളിലെ എംപിമാരെ കൂറുമാറ്റത്തിലൂടെ ഒപ്പം കൊണ്ട് വന്ന ബിജെപി അംഗ സംഖ്യ 78 ആയി ഉയർത്തി. കോൺഗ്രസിന്‍റെത് 48 ആയി ഇടിഞ്ഞു. ടിആർഎസ്, ബിജെഡി, വൈഎസ്ആർ കോൺഗ്രസ് എന്നീ പാർട്ടികൾക്കായി 15 എംപിമാരുണ്ട്. അതായത് എൻഡിഎയുടെ 114 ന് ഒപ്പം ഇതിൽ രണ്ട് പാർട്ടികളെയെങ്കിലും ഒപ്പം നിറുത്തിയാൽ ഭൂരിപക്ഷമാകാന്‍ ബിജെപിക്ക് കഴിയും. കേവലഭൂരിപക്ഷം മാത്രം ആവശ്യമായ എല്ലാ ബില്ലുകളും ഇത് വഴി സർക്കാരിന് അനായാസം പാസാക്കാം.

എൻഐഎ ബില്ലും ആർടിഐ ബില്ലും പാസാക്കി കേന്ദ്രവും ഗുജറാത്ത് മാതൃകയിലേക്ക് മാറുന്നുവെന്ന സന്ദേശം ആദ്യ പാർലമെൻറ് സമ്മേളനത്തിൽ തന്നെ നല്കാൻ ബിജെപിയുടെ നേതൃത്വത്തിന് കഴിഞ്ഞു. അതോടൊപ്പം പ്രതിപക്ഷത്ത് വിള്ളലുണ്ടാക്കാനുള്ള നീക്കവും തുടരുന്നു. അങ്ങനെയെങ്കില്‍ അടുത്തവർഷം ഏപ്രിൽ ആകുമ്പോഴേക്കും ഭരണപക്ഷത്തെ അംഗസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് ആവശ്യമായ 163 ഉടൻ സാധ്യമല്ലെങ്കിലും ഈ ഭരണത്തിന്‍റെ അവസാന വർഷങ്ങളിൽ പ്രതീക്ഷിക്കാം.

വേണമെങ്കില്‍, ഭരണഘടന തന്നെ മാറ്റിയെഴുതി അടുത്ത തെരഞ്ഞെടുപ്പിലേക്ക് പോകാം. ആദ്യ നരേന്ദ്രമോദി സർക്കാരിനെ പ്രതിപക്ഷം തടഞ്ഞു നിറുത്തിയിരുന്നത് രാജ്യസഭയിലാണ്. ആവശ്യമായ അംഗസംഖ്യ രാജ്യസഭയിലും സാധ്യമാകുന്നതോടെ ബിജെപിക്കെതിരെയുളള ഏക പ്രതിരോധവും അവസാനിക്കും ഇതോടെ ദേശീയ രാഷ്ട്രീയം മോദി-അമിത്ഷാ കൂട്ടുകെട്ടിലേക്ക് പൂർണമായും ചുരുങ്ങും.

click me!