
ലഖ്നൌ: സമരം ചെയ്ത കര്‍ഷകരുടെ വോട്ടും യുപിയില്‍ (Uttar Pradesh) ബിജെപിക്ക് (BJP) കിട്ടിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങ്. തുടർഭരണം കിട്ടാന്‍ സർക്കാരിന്‍റെ ജനക്ഷേമപദ്ധതികളും നിർണായക പങ്കുവഹിച്ചു. ഇത്തവണ കിട്ടാതെ പോയ സീറ്റുകള്‍ തിരിച്ച് പിടിക്കാന്‍ കഠിനാധ്വാനം ചെയ്യുമെന്നും മന്ത്രിസഭ രൂപികരണം കേന്ദ്ര നിര്‍ദേശത്തിന് അനുസരിച്ചാകുമെന്നും സ്വതന്ത്രദേവ് സിങ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പാവപ്പെട്ടവര്‍ക്ക് വേണ്ടി യോഗി ആദിത്യനാഥനും മോദിയും സത്യസന്ധമായി പ്രവർത്തിച്ചു. ഇടനിലക്കാരില്ലാതെ എല്ലാ പദ്ധതികളുടെയും ഗുണഫലം അഴിമതി ഇല്ലാതെ നേരിട്ട് ആളുകളില്‍ എത്തിക്കാനായി. യോഗിയിലും മോദിയിലും ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടായിരുന്നു. എല്ലാ വിഭാഗങ്ങളുടെയും പിന്തുണ നേടാനായത് കൊണ്ട് ഭൂരിപക്ഷം ലഭിച്ചു.കര്‍ഷകര്‍ സമരം നടത്തി. എന്നാല്‍ മോദിയും യോഗിയും കര്‍ഷകർ ഉയർത്തിയ പ്രശ്നങ്ങള്‍ പരിഹരിച്ചു. കര്‍ഷകർക്കായി നിരവധി പദ്ധതികളും നടപ്പാക്കി. അതിനാല്‍ മോദിയേയും യോഗിയേയും തെരഞ്ഞെടുപ്പില്‍ കർഷകരും പിന്തുണച്ചു.
രണ്ടാം യോഗി സർക്കാരിന്‍റെ സത്യപ്രതിജ്ഞ സംബന്ധിച്ച് കേന്ദ്ര നേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്. ഞങ്ങള്‍ പ്രവര്‍ത്തകരാണ്. കേന്ദ്രം തരുന്ന നിര്‍ദേശം അനുസരിച്ച് പ്രവർത്തിക്കും. രണ്ടാം സർക്കാരില്‍ ഒരുപാട് പുതുമുഖങ്ങള്‍ ഉണ്ടാകുമോ എന്നതില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഇക്കാര്യത്തിലും കേന്ദ്രമാണ് തീരുമാനിക്കേണ്ടതെന്നും സ്വതന്ത്രദേവ് സിങ് പറഞ്ഞു.
കഴിഞ്ഞ തവണ ബിജെപി അധ്യക്ഷന്‍ ഉപമുഖ്യമന്ത്രിയായി ഇത്തവണയും അങ്ങനയൊന്ന് ഉണ്ടാകുമോ എന്ന ചോദ്യത്തിന് ചുമതലക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് കടമയെന്നും പ്രതീക്ഷ വച്ച് പ്രവര്‍ത്തിക്കരുത്. നിരവധി പേരുടെ അധ്വാനമാണ് പാര്‍ട്ടിയെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ഭരണത്തിന് ജനങ്ങളുടെ അംഗീകാരം കിട്ടി. നഷ്ടമായ സീറ്റുകള്‍ വീണ്ടെടുക്കാന്‍ നന്നായി പ്രവർത്തിക്കുമെന്നും സ്വതന്ത്രദേവ് സിങ് കൂട്ടിച്ചേര്‍ത്തു.
സംഘപരിവാർ രാഷ്ട്രീയത്തിൽ പുതുചലനം ഉണ്ടാക്കുന്നതാണ് യോഗി ആദിത്യനാഥിന്‍റെ വിജയം. യോഗിയെ മുന്നിൽ നിർത്തിയുള്ള വിജയം മോദിയുടെ പിൻഗാമിയെ നിർണ്ണയിക്കുന്നതിലും പ്രധാനമാകും. ഹിന്ദുത്വ രാഷ്ടീയം ദേശീയ തലത്തിൽ ശക്തമാക്കാനുള്ള നീക്കത്തിനുള്ള അംഗീകാരമായി കൂടി യോഗി നയം മാറുകയാണ്. 37 വർഷത്തിന് ശേഷമാണ് ഉത്തർപ്രദേശിൽ ഒരു തുടർഭരണം ഉണ്ടാകുന്നത്. 1985ൽ കോൺഗ്രസാണ് അവസാനമായി ഉത്തർപ്രദേശിൽ തുടർഭരണം നേടിയത്. അന്ന് വീർ ബഹദുർ സിങിന്‍റെ നേതൃത്വത്തിലാണ് കോൺഗ്രസ് അധികാരത്തുടർച്ച നേടിയത്.
അപ്രതീക്ഷിതമായാണ് ഉത്തർപ്രദേശ് രാഷ്ടീയത്തിലേക്ക് യോഗി ആദിത്യനാഥ് കടന്നുവന്നത്. 2017ൽ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനെ നയിച്ചത് കേശവ് പ്രസാദ് മൗര്യയായിരുന്നെങ്കിലും ഉത്തർപ്രദേശിനെ നയിക്കാൻ നിയോഗം യോഗിക്കായിരുന്നു. ശേഷം ഹിന്ദുത്വ രാഷ്ട്രീയത്തിൽ യോഗി നയങ്ങൾക്ക് മേൽക്കൈ കിട്ടുന്നതാണ് കണ്ടത്. മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ യോഗി പ്രചാരകനാകുന്നതും കണ്ടു. ഉത്തർപ്രദേശിൽ ഇക്കുറി മോദി ആദ്യം പിന്നിൽ നിന്നു. വികസനം തുടക്കത്തിൽ ചർച്ചയാക്കിയ യോഗി പിന്നീട് ധ്രുവീകരണത്തിൻ്റെ ആയുധങ്ങൾ ഒന്നൊന്നായി പുറത്തെടുത്തു. തീവ്രവാദിയായി പോലും അഖിലേഷ് യാദവിനെ മുദ്ര കുത്തി. ബംഗാളും, കേരളവും പോലെ ആകാതിരിക്കണമെങ്കിൽ ബിജെപിക്ക് വോട്ടു ചെയ്യണമെന്ന് പറഞ്ഞ് ധ്രുവീകരണ ശ്രമം ആളി കത്തിച്ചു.
രണ്ടാം കൊവിഡ് തരംഗത്തിൽ ഏറെ പഴി കേട്ടെങ്കിലും അക്രമരഹിത ഭരണം, സൗജന്യ റേഷൻ, കർശന പോലീസ് നടപടികൾ തുടങ്ങിയ മേന്മകൾ അവകാശപ്പെട്ട് പഴി ദോഷങ്ങളുടെ കറകളയാൻ യോഗിക്കായി. മോദിക്ക് ശേഷം ആരെന്ന ചർച്ച ദേശീയ രാഷ്ടീയത്തിൽ തുടങ്ങി വയ്ക്കാൻ കഴിഞ്ഞതും ആ മെയ് വഴക്കത്തിൻ്റെ ഫലമാണ്. അമിത് ഷായാണ് നേതൃനിരയിൽ രണ്ടാമതെങ്കിലും ഈ പ്രഭാവം നിലനിൽക്കുന്നത് യോഗിക്ക് ഗുണം ചെയ്യും. പാർട്ടിയുമായി കലഹിച്ച ചരിത്രമുണ്ടെങ്കിലും ആ കലഹങ്ങളിലേക്ക് വീണ്ടും മടങ്ങാതിരിക്കാൻ ഈ വിജയം യോഗിയെ പ്രേരിപ്പിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam